തിരുവനന്തപുരം: ജീവിതത്തിന്റെ ഓരോ മേഖലയിലും നല്ല ചിന്തയോടെ പ്രവർത്തിച്ചാൽ കുട്ടികൾക്ക് ജീവിതത്തിലുടനീളം അതിന്റെ ഫലം ലഭിക്കുമെന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ പറഞ്ഞു. വൈ.എം.സി.എയുടെയും സി.ഇ.ടിയിലെ 1987-91 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയായ ലൈറ്റ്ഹൗസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ-മാപ്സ് (എക്സാം മെന്ററിംഗ് ആൻഡ് അസിസ്റ്റന്റ് പ്രോഗ്രാം ഫോർ സ്റ്റുഡന്റ്സ്) പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്കൂളിലെ പൂർവ വിദ്യാർത്ഥിനി കൂടിയായ രാജശ്രീ. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായാണ് ഫോർട്ട് മിഷൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്. തുടർച്ചയായ 4-ാം വർഷമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ജില്ലയിലെ ഗ്രാമീണ മേഖലയിലെ ഉൾപ്പെടെ 1500ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടത്തക്കവിധം പദ്ധതി വ്യാപിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
വൈ.എം.സി.എ പ്രസിഡന്റ് ജെയിംസ് ജോസഫ്, സെക്രട്ടറി ബിറ്റി വർഗീസ്, ഹൈസ്കൂൾ പ്രോഗ്രാംസ് ചെയർമാൻ ബെൻസി വി. തോമസ്, ലൈറ്റ് ഹൗസ് ചെയർപേഴ്സൺ ഗിരിജ, സെക്രട്ടറി ഷിബു മാത്യു, ഹെഡ്മിസ്ട്രസ് മറിയാമ്മ മാത്യു, പി.ടി.എ പ്രസിഡന്റ് കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. തിരു. ടീം അക്കാഡമി ഡയറക്ടർ ഫാ. ഗീവർഗീസ് മേക്കാട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകി.