
മലയിൻകീഴ്: വിളപ്പിൽശാല ജംഗ്ഷനു സമീപം പുരവൻകോട് കൗസല്യയുടെ വീടിന് സമീപം കിടന്ന പെരുമ്പാമ്പിനെ വാവ സുരേഷ് പിടികൂടി.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് പ്രദേശവാസികളിൽ ഭീതിപരത്തിയ പെരുമ്പാമ്പിനെ 4 മണിക്കൂറിന് ശേഷം പിടികൂടിയത്. കൗസല്യ സഹോദരിയുടെ വീട്ടിൽ നിന്ന് മടങ്ങിയെത്തുമ്പോഴാണ് വഴിയിൽ പെരുമ്പാമ്പിനെ കണ്ട് നിലവിളിച്ച് അടുത്ത വീട്ടിലേക്ക് അവർ ഓടിക്കയറി. തൊട്ട് പിന്നാലെ പാമ്പ് അടുത്ത വീട്ടിലെത്തി. അവിടെ നിന്ന് കൗസല്യയുടെ സഹോദരിയുടെ മകൻ ചന്ദ്രന്റെ വീട്ടിലേക്ക് ഓടിക്കയറി. പെരുമ്പാമ്പ് അവിടെയുമെത്തി. പുറത്തേക്കിറങ്ങാതെ കൗസല്യ ചന്ദ്രന്റെ വീട്ടിലിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും വിളപ്പിൽശാല പൊലീസും ചന്ദ്രന്റെ വീട്ടു മുറ്റത്ത് തടിച്ചുകൂടി. ഇടയ്ക്കിടെ തല പൊക്കിനോക്കി പെരുമ്പാമ്പ് അവിടെതന്നെ ചുരുണ്ടുകിടന്നു. ഒടുവിൽ പൊലീസ് വാവ സുരേഷിനെ വിവരമറിയിച്ചു.സുരേഷ് സ്ഥലത്തെത്തി രാത്രി 12 മണിയോടെ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.