photo

നെടുമങ്ങാട് : പഠനോപാധികളും ഗതാഗത സൗകര്യവും ഇല്ലാത്ത ഇടിഞ്ഞാർ എന്ന ഗ്രാമത്തിൽ നിന്ന് 60 വർഷം മുമ്പ് പൊതുരംഗത്തിറങ്ങി നാടിന്റെ തലവര മാറ്റിയ അന്നമ്മ തോമസ് 93ന്റെ നിറവിൽ. 'ഇടിഞ്ഞാർ ഇന്ദിര" എന്ന് ലീഡർ കെ. കരുണാകരൻ സംബോധന ചെയ്തിരുന്ന അന്നമ്മ തോമസിന്റെ പൊതുജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്. കാട്ടാനയും മലമ്പാമ്പും നടമാടിയിരുന്ന ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തിച്ചും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിനു തുടക്കമിട്ടും ആരംഭിച്ച സേവന സന്നദ്ധ മനസിന് വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും തളർച്ചയില്ല. റോഡ് വക്കിലെ കൂരകളിൽ അന്തിയുറങ്ങിയിരുന്ന പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് വനം മന്ത്രിയായിരുന്ന അടിയോടിയുടെ സഹായത്തോടെ 20 സെന്റ് സ്ഥലം വീതം ലഭിച്ചതിലും ഇന്ന് അടിയോടി കോളനി എന്നറിയപ്പെടുന്ന സ്ഥലത്ത് ട്രൈബൽ ഹൈസ്‌കൂൾ നിലനില്ക്കുന്നതിലും അന്നമ്മ തോമസിന്റെ കൈയൊപ്പുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിയായ അന്നമ്മ തോമസ് ഇടിഞ്ഞാർ വഴുതനപ്പള്ളിയിൽ കർഷകനായിരുന്ന തോമസിന്റെ (തൊമ്മച്ചൻ സാർ) കരം പിടിച്ച് എത്തുമ്പോൾ ഗ്രാമത്തിന്റെ പര്യായമായി ഇവർ മാറുമെന്ന് ആരും കരുതിയിരുന്നില്ല. 25 വർഷം മുമ്പ് ഭർത്താവിന്റെ വിയോഗ ശേഷവും മക്കൾക്കും മരുമക്കൾക്കുമൊപ്പം അന്നമ്മ തോമസ് ഇടിഞ്ഞാറിൽ തന്നെ താമസമുറപ്പിച്ചു. രണ്ടു തവണ എ.ഐ.സി.സി സമ്മേളന പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് രൂപീകരണം മുതൽ വിവിധ വാർഡുകളിൽ മത്സരിച്ച് വിജയിച്ചു.

ഇന്ന് ആദരം

93ന്റെ നിറവിലെത്തിയ അന്നമ്മ തോമസിന്റെ സംഭാവനകളെ മുൻനിറുത്തി കോൺഗ്രസ് പ്രവർത്തകർ ചുള്ളിമാനൂരിൽ വച്ച് പുരസ്‌കാരം സമർപ്പിച്ച് ആദരിക്കും. ഉദയ ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരദാനം നിർവഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്‌, ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ തുടങ്ങിയവർ പങ്കെടുക്കും.