chennithal

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ റേഷൻ വ്യാപാരികളുടെ കഴുത്ത് ഞെരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ റേഷൻ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ കെ. അൻസലൻ, പി.സി. ജോർജ്, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, വൈസ് പ്രസിഡന്റുമാരായ സി. മോഹൻപിള്ള, ജോൻസൺ വിളവിനാൽ, ഇ. അബൂബക്കർ, സി.വി. മുഹമ്മദ്, ബി. ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് മുന്നോടിയായി സിവിൽ സപ്ലൈസ് കമ്മിഷണർ ഓഫീസിനു മുന്നിൽ റേഷനിംഗ് ഓർഡറിന്റെ കരട്ബില്ല് വ്യാപാരികൾ കത്തിച്ചു. മാർച്ചിന് ശേഷം ഉപവാസവും നടന്നു.