ksrtc
ksrtc

തിരുവനന്തപുരം: ശമ്പള വർദ്ധന അനുവദിക്കുക, മുടങ്ങാതെ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടി.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ നടന്ന പണിമുടക്കിൽ ജനം വലഞ്ഞു. പിരിച്ചു വിട്ട താത്കാലിക ഡ്രൈവർമാരെ ജോലിക്ക് വിളിച്ച് സർവീസുകൾ നടത്താൻ മാനേജ്മെന്റ് നടത്തിയ നീക്കം പാളിയതും മാനേജ്മെന്റിനെതിരെ ജീവനക്കാർക്കിടയിലുള്ള പ്രതികൂല സമീപനവും സമരം വിജയിക്കുന്നതിന് കാരണമായി. 12 ഡിപ്പോകളിൽ നിന്ന് ഉച്ചവരെ ഒരു ബസു പോലും ഓടിക്കാനായില്ല. 5452 ഷെഡ്യൂളുകളിൽ ആകെ 2112 എണ്ണം മാത്രമാണ് നിരത്തിലിറങ്ങിയത്. ആര്യനാട്, ആറ്റിങ്ങൽ, ബത്തേരി, എരുമേലി, കിളിമാനൂർ, പന്തളം, വിതുര, ഈരാറ്റുപേട്ട, തിരുവല്ല, ചടയമംഗലം, കൂത്താട്ടുകുളം, നിലമ്പൂർ ഡിപ്പോകളിൽ ഉച്ചവരെ ഒരു ബസുപോലും ഇറക്കാനായില്ല. ശരാശരി 70 ഷെഡ്യൂളുകളുള്ള മറ്റു 30 ഡിപ്പോകളിൽ നിന്ന് 10 ൽ താഴെ ബസുകളാണ് ഓടിയത്. ദീർഘദൂര ബസുകൾ ഏറെയുള്ള തിരുവനന്തപുരം സെൻട്രലിൽ നിന്ന് അഞ്ചു ഷെഡ്യൂളുകളാണ് നിരത്തിലെത്തിയത്. കൊട്ടാരക്കര, നെടുമങ്ങാട്, കണിയാപുരം ഡിപ്പോകളിൽ ബസുകൾ തടഞ്ഞ ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് മാറ്റി. കോൺഗ്രസ് സംഘടനകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പണിമുടക്ക് നടത്തിയത്. മറ്റു സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ബസുകൾ കാര്യമായി മുടങ്ങില്ലെന്ന നിഗമനത്തിലായിരുന്നു മാനേജ്‌മെന്റ്. എന്നാൽ കൂടുതൽ തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേർന്നതോടെ ബസുകൾ കൂട്ടത്തോടെ മുടങ്ങി. ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ചുള്ള സമരമായതിനാൽ ജോലിക്ക് ഹാജരാകാൻ മറ്റു യൂണിയനുകളും ജീവനക്കാരെ കാര്യമായി നിർബന്ധിച്ചില്ല. സെപ്തംബറിലെ ശമ്പളം രണ്ടു ഗഡുക്കളായിട്ടാണ് നൽകിയത്. ഒക്ടോബറിലെ ശമ്പളം ഈ മാസം അവസാനം മാത്രമേ നൽകാനിടയുള്ളൂ. ഇതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.

മുടങ്ങിയത്

ആകെ 59 ശതമാനം സർവീസുകൾ

 പകൽ സർവീസുകളിൽ 69 ശതമാനം

ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത് 19,726 ജീവനക്കാരെ

ജോലിക്കെത്തിയത് 43.85 ശതമാനം ജീവനക്കാർ

നിരത്തിലെത്തിയത് 41 ശതമാനം ഷെഡ്യൂളുകൾ