കോവളം: എസ്.എൻ.ഡി.പി യോഗം പുളിങ്കുടി ശാഖ പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും ഗുരദേവ പ്രതിഷ്ഠാകർമ്മവും 9, 10 തീയതികളിൽ നടക്കും.ആഴിമല ജംഗ്ഷനിൽ കൊച്ചപ്പി വ്യാപാരിയുടെ ഓർമ്മയ്ക്കായി മകൻ യോഗേശ്വരപ്പണിക്കർ നൽകിയ സ്ഥലത്താണ് ശാഖയുടെ പുതിയ ആസ്ഥാനമന്ദിരവും ഗുരദേവ പ്രതിഷ്ഠാകർമ്മവും നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 ന് ശിവഗിരിയിൽ നിന്നും പ്രതിഷ്ഠാ ഘോഷയാത്ര, 11 ന് ചെമ്പഴന്തി ഗുരുകുലത്തിൽ പ്രതിഷ്ഠാപൂജ. ഉച്ചയ്ക്ക് 2.45 ന് കോവളം യൂണിയൻ ഓഫീസിൽ പ്രതിഷ്ഠാ വാഹന ഘോഷയാത്രയ്ക്ക് സ്വീകരണം.വൈകിട്ട് 5ന് ആഴിമല ശിവക്ഷേത്രം സന്നിധിമുതൽ പുളിങ്കുടി ശാഖാമന്ദിരം വരെ ഗുരദേവ പ്രതിഷ്ഠാ ഘോഷയാത്ര.6ന് താലപ്പൊലി ഘോഷയാത്ര,ഞായറാഴ്ച രാവിലെ 7ന് പൂജാദികർമ്മങ്ങൾ,9ന് ശാഖാമന്ദിര ഉദ്ഘാടനം സ്വാമി ബോധിതീർത്ഥ നിർവഹിക്കും.10ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശ്രീനാരായണ ഗുരദേവ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.10.30ന് പ്രഭാതഭക്ഷണം. 11ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം.അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും.സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തംഗം അഡ്വ.പ്രീജ മുഖ്യപ്രഭാഷണം നടത്തും.കേരളകൗമുദി ചീഫ് റിപ്പോർട്ടർ കോവളം സതീഷ് കുമാറിനെ ചടങ്ങിൽ അനുമോദിക്കും. കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സരേഷ്,സെക്രട്ടറി തോട്ടം പി.കാർത്തികേയൻ,വൈസ് പ്രസിഡന്റ് എസ്.സുശീലൻ,ശാഖാ സെക്രട്ടറി പി.എസ്.ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിക്കും.