bjp-rss-clash

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും വട്ടിയൂർക്കാവിൽ അർ.എസ്.എസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഞായറാഴ്ച ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി. ഇതിനിടെയാണ് വ്യാപകമായ ആക്രമം ഉണ്ടായത്. രാഖി കെട്ടി റോഡിലിറങ്ങിയ അഞ്ചുപേർ അക്രമണത്തിനിരയായി.

വട്ടിയൂർക്കാവ്, മുക്കോല, അമ്പലമുക്ക് എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. പ്രകടനത്തിന് മുമ്പും ശേഷവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂട്ടംകൂടി നിന്ന സ്ഥലങ്ങളിലൂടെ രാഖികെട്ടി വന്നവരാണ് മർദ്ദനത്തിന് ഇരയായതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറു മണിയോടെ മണികണ്‌ഠേശ്വരത്തു നിന്ന് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം തുടങ്ങി. പ്രകടനം കടന്നുപോയ വഴിയിലെ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും കൊടിതോരണങ്ങളും ഫ്ലക്‌സ് ബോർഡുകളും നശിപ്പിച്ചു.
പ്രകടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മണികണ്‌ഠേശ്വരം സ്വദേശി ബാലുവിനെ നെട്ടയത്തു വച്ച് ഒരു സംഘം കൈയേറ്റം ചെയ്തു. തുടർന്ന് മുക്കോലവച്ച് നെട്ടയം മണലയം സ്വദേശി സുരേഷിനും മർദ്ദനമേറ്റു. നെട്ടയം ജംഗ്ഷനിൽ സംഘടിച്ചു നിന്ന ഒരു കൂട്ടം പ്രവർത്തകർ ഇതുവഴി പോയ പേയാട് നെട്ടയം സ്വദേശി വിനോദിനെ തടഞ്ഞു നിറുത്തി മർദ്ദിച്ചു. വീഡിയോഗ്രാഫറായ ഇയാൾ വെള്ളനാട് വിവാഹത്തിന്റെ വീഡിയോ ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.
വിനോദിനെ ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകടനം കഴിഞ്ഞ് മടങ്ങിയ പ്രവർത്തകർ നെട്ടയത്തുവച്ച് മണലയം സ്വദേശി ബാലുവിനെ തല്ലിച്ചതച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലുവിന് സാരമായി പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും കൈയിൽ രാഖി ഉണ്ടായിരുന്നതിന്റെ പേരിലാണ് മർദ്ദനമേറ്റതെന്നും ബാലു പൊലീസിനേട് പറഞ്ഞു. പ്രകടനത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് കേസെടുത്തിട്ടില്ല. വട്ടിയൂർക്കാവ് മേലത്തുമേല ജംഗ്ഷനിലും വഴിയാത്രക്കാരന് മർദ്ദനമേറ്റു. അതേസമയം ഞായറാഴ്ചയുണ്ടായ അക്രമങ്ങളിൽ 65 പേർക്കെതിരെ കേസെടുത്തു. 50 പേർ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരും 15പേർ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരായ അക്ഷയ്, പ്രമോദ് എന്നിവരെ റിമാൻഡ് ചെയ്തു.