ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ കുരങ്ങു ശല്യം രൂക്ഷം. അയ്യപ്പൻക്കുഴി കുത്തു മൂഴി റോഡരികത്ത് വീട്ടിൽ അബ്ദുൾ സലാമിന്റെ വീട് ഇക്കഴിഞ്ഞ ദിവസം ഒരു കൂട്ടം കുരങ്ങൻമാർ കയറി ആഹാര സാധനങ്ങൾ നശിപ്പിച്ചു. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കുരങ്ങുകളുടെ വിളയാട്ടം. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ വിനോദിന്റെ നേതൃത്വത്തിൽ വാനരങ്ങളെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചെങ്കിലും കുരങ്ങ് ശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
കുരങ്ങുകളുടെ അക്രമം വർദ്ധിച്ചതോടെ പ്രദേശവാസികളാകെ ഭീതിയാലാണ്. കൂട്ടമായെത്തുന്ന വാനര സംഘം ആളുകളേയും ആക്രമിക്കാൻ സാദ്ധ്യതയുണ്ട്. അടിയന്തിരമായി വനം വകുപ്പ് പരിഹാര നടപടികൾ ഉണ്ടാക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം.