maoist-arrest

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികളിൽനിന്ന് ശക്തമായ എതിർപ്പ് ഉയരുമ്പോഴും നിലപാടിൽ ഉറച്ച് പൊലീസ്. വാദങ്ങൾ ന്യായീകരിച്ച് പൊലീസ് തെളിവുകൾ പുറത്ത് വിടുമ്പോൾ, മറിച്ചുള്ള തെളിവുകളും പ്രചരിക്കുന്നുണ്ട്. യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സി.പി.എം പ്രവർത്തകരായ താഹാ ഫസൽ, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

ഇന്നലെ ജാമ്യാപേക്ഷയിൽ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ യു.എ.പി.എ ഒഴിവാക്കുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ ഇന്ന് കോടതിയെ നിലപാട് അറിയിക്കും. യു.എ.പി.എ നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇത് ന്യായീകരിക്കാൻ യു.എ.പി.എ പരിശോധന സമിതി അദ്ധ്യക്ഷന്റെ വിശദീകരണവും കോടതിയിലെത്തിച്ചു. ലഘുലേഖ കണ്ടെത്തുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ യു.എ.പി.എ ചുമത്താവുന്ന കുറ്റമല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ യു.എ.പി.എ ചുമത്താനാവശ്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്. ഇവരെ കുറേ കാലമായി നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ തെളിവുകൾ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ നിലപാട് എന്താണെന്ന് ഇന്ന് കൃത്യമായി കോടതിയെ അറിയിക്കും.

അതേസമയം, അലൻ ഷുഹൈബിനെതിരെ കൂടുതൽ തെളിവുകളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. നിരോധിത സംഘടനകളിൽപ്പെട്ടവർക്കൊപ്പം അലൻ ഷുഹൈബ് നിൽക്കുന്ന ചിത്രങ്ങളാണ് അന്വേഷണസംഘം പുറത്തുവിട്ടത്. ചിത്രങ്ങളുടെ പകർപ്പ് അന്വേഷണസംഘം ഡി.ജി.പിക്ക് കൈമാറി. അലൻ ഷുഹൈബിന്റെ നാലുവർഷം മുമ്പ് വരെയുള്ള ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടതായാണ് വിവരം. കോഴിക്കോട് സംഘടിപ്പിച്ച ചില പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും ഇതിലുണ്ട്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ അലൻ ഷുഹൈബ് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം സ്‌കൂൾ അധികൃതരും പൊലീസിനെ അറിയിച്ചിരുന്നു.

എന്നാൽ കുട്ടിയെന്നുള്ള പരിഗണന നൽകിയാണ് പൊലീസ് അന്ന് നടപടികളിലേക്ക് കടക്കാതിരുന്നത്. അന്നുമുതൽ തന്നെ അലൻ ഷുഹൈബ് പൊലീസിന്റെയും ഇന്റലിജൻസിന്റെയും നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. നിരോധിത സംഘടനകളിൽ ഉൾപ്പെട്ടവരുമായി അലൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ചിത്രങ്ങളിൽ കാണുന്ന പലരും ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരുമാണ്.