crime

ആലുവ: മംഗലപ്പുഴ പാലത്തിന് സമീപം പെരിയാറിൽ മുപ്പത്തടം തണ്ടിരിക്കൽ പുളിക്കൽ പള്ളത്ത് വീട്ടിൽ സദാജോസിന്റെ മകൻ എബിൻ ആൽബിയുടെ (25)മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ നടക്കുന്ന പോസ്റ്റ്മാർട്ടത്തിന് ശേഷം അന്വേഷണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

എബിനെ കാണാതായ കഴിഞ്ഞ ചൊവ്വാഴ്ച മംഗലപ്പുഴ പാലത്തിന് സമീപം മറ്റൊരു ക്രിമിനൽ സംഘവും എബിനും ശക്തമായ ഏറ്റുമുട്ടൽ നടന്നിരുന്നു. മാത്രമല്ല, മൃതദേഹത്തിൽ കഴുത്തിലും തലയിലും മാരകായുധം കൊണ്ട് മുറിവേറ്റ പാടുകളും ഉണ്ട്. ഇതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്. മർദ്ദനക്കേസിൽ രണ്ട് പേർ ആലുവ സബ് ജയിലിൽ റിമാൻഡിലുണ്ട്. നാല് പേർ ഒളിവിലുമാണ്. ഇന്നലെ ഉച്ചയോടെ മംഗലപ്പുഴ പാലത്തിന് സമീപമാണ് എബിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചത്തെ സംഘർഷത്തിൽ കാൽ ഒടിഞ്ഞ എബിന്റെ സുഹൃത്ത് എടയാർ സ്വദേശി ശ്രീജിത്ത് ജോൺ (26) കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഘർഷത്തിൽ ഏർപ്പെട്ടിരുന്നവരെല്ലാം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങൾക്ക് അടിമകളായവരും നിരവധി കേസുകളിൽ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു.

വെൽഡിംഗ് തൊഴിലാളിയായ എബിൻ ആൽബിക്ക് മംഗലപ്പുഴ പാലത്തിന് സമീപമായിരുന്നു ജോലി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഇവിടെയെത്തിയ എബിനും ശ്രീജിത്തും പ്രതികളുമായി ചെറിയ സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായിട്ട് രാത്രി ഒമ്പത് മണിക്കും സംഘർഷം നടന്നു. ഈ സമയത്ത് കമ്പിവടിക്ക് അടിയേറ്റ ശ്രീജിത്ത് ആശുപത്രിയിലേക്ക് പോയെങ്കിലും എബിൻ പ്രതികളെ ചോദ്യം ചെയ്യാൻ പെരിയാർ തീരത്തേക്ക് പോയി. പിന്നീട് എബിനെ ആരും കണ്ടിട്ടില്ല. മരിച്ച എബിൻ ആൽബിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സാലി. സഹോദരൻ: ജോമോൻ സിബി.


ആക്രമണക്കേസിൽ റിമാൻഡിൽ രണ്ട് പേർ, നാല് പേർ ഒളിവിൽ

പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ എബിനെയും ശ്രീജിത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ആലുവ ഫ്രണ്ട്ഷിപ്പ് നഗർ പുത്തൻപറമ്പിൽ ആഷിക്ക് അലിബാവ (22), ആലങ്ങാട് കല്ലുപ്പാലം കര മാവിൻകൂട്ടത്തിൽ വൈശാഖ് ബേബിപീറ്റർ (25) എന്നിവരാണ് ആലുവ സബ് ജയിലിൽ റിമാൻഡിലുള്ളത്. ഇവർക്കൊപ്പം ആക്രമണത്തിൽ ഉണ്ടായിരുന്ന ആലുവ സ്വദേശികളായ കിരൺ, പ്രസാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരും ഒളിവിലാണ്. ഐ.പി.സി 326 പ്രകാരം മാരകായുധങ്ങളുമായി ഗുരുതരമായി ആക്രമിച്ച് പരിക്കേഷപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. അതിനിടെ മർദ്ദനമേറ്റ എബിന്റെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം പൊലീസ് തുടർ നടപടി സ്വീകരിക്കും. കൊലപാതകമാണെന്ന് ഉറപ്പ് ലഭിച്ചാൽ റിമാൻഡിലുള്ളവർക്കെതിരെ കൊലക്കുറ്റത്തിനും കേസെടുക്കുമെന്ന് ഡിവൈ.എസ്.പി ജി. വേണു അറിയിച്ചു.

മാതാവിന്റെ പരാതി പൊലീസ് അവഗണിച്ചു

പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ എബിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ബുധനാഴ്ച മാതാവ് സാലി ബിനാനിപുരം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എട്ടിലേറെ ക്രിമിനൽ കേസുകളിൽ എബിൻ പ്രതിയായതിനാൽ മാതാവിന്റെ പരാതി അവഗണിച്ച പൊലീസ്, കേസെടുക്കാതെ മടക്കി അയച്ചു. സംഘർഷം നടന്നത് സംബന്ധിച്ച് കേസെടുത്ത ആലുവ പൊലീസും കാണാതായ എബിൻ ആൽബിയെ കുറിച്ച് തിരക്കിയില്ല. പിടിയിലായ പ്രതികൾക്കെതിരെ മർദ്ദനക്കേസ് മാത്രം രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് എബിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് ആലുവ പൊലീസും കേസ് അന്വേഷണം ഊർജിതമാക്കിയത്.