ആര്യനാട്: ഏറെ നാളായുള്ള അരുവിക്കരയുടെ കുടിവെള്ളപ്രശ്നത്തിന് അരുതിയാക്കാൻ പദ്ധതി തയ്യാർ.

അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്ന സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതികളാണ് യാഥാർഥ്യമാകുന്നത്. ഭാഗികമായി പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും നടപടികൾ തുടങ്ങി.ജി.കാർത്തികേയൻ സ്പീക്കർ ആയിരിക്കെയാണ് വിതുര - തൊളിക്കോട് കുടിവെള്ള പദ്ധതിയും പൂവച്ചൽ - കുറ്റിച്ചൽ കുടിവെള്ള പദ്ധതിയും അനുവദിച്ചത്.

പദ്ധതികൾ പഞ്ചായത്തിലൂടെ

 വിതുര:

6 കോടി രൂപയോളം വിനിയോഗിച്ച് വിതുര പഞ്ചായത്തിലെ കുണ്ടാളംകുഴിയിൽ ഒരു ലക്ഷം ലിറ്ററിന്റെ വാട്ടർ ടാങ്ക് കൂടി നിർമ്മിച്ച് 5.7 കിലോമീറ്റർ ദൂരംഡിസ്ട്രിബൂഷൻ ലൈൻ സ്ഥാപിച്ചാൽ വിതുരയിലെ പദ്ധതി പൂർത്തിയാകും.

തൊളിക്കോട് പഞ്ചായത്ത്

അനുവദിച്ച തുകയിൽ 25 കോടി രൂപ വിനിയോഗിച്ചു തൊളിക്കോട് പഞ്ചായത്തിലെ പച്ചമലയിൽ 1.67 ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും.മേലെ തൊളിക്കോട് ബൂസ്റ്റർ സമ്പും ടാങ്കും നിർമ്മിച്ചു 2 ക്ലിയർ വാട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കും. കൂടാതെ മേലെ തൊളിക്കോട് മുതൽ പച്ചമല വരെയും തോട്ടുമുക്ക് മുതൽ മേലെ തൊളിക്കോട് വരെയും പമ്പിംഗ് മെയിനുകളും സ്ഥാപിക്കും.തോട്ടുമുക്കിലെ ടാങ്കിൽ നിന്നും 41 കി.മീറ്റർ ദൂരം ഡിസ്ട്രിബൂഷൻ ലൈനുകൾ സ്ഥാപിച്ച് പദ്ധതി പൂർത്തിയാക്കും.

പൂവച്ചൽ - കുറ്റിച്ചൽ പഞ്ചായത്ത്

ശുദ്ധജലമെത്തിക്കാനുള്ള രണ്ടാം ഘട്ട പദ്ധതികൾക്കായി അനുവദിച്ച 16 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും എം.എൽ.എ അറിയിച്ചു.ഒന്നാം ഘട്ടമായി 5 കോടി രൂപ ചെലവഴിച്ചു കിണറുകളും റോ വാട്ടർ പമ്പിംഗ് മെയിനും സ്ഥാപിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടമായി അനുവദിച്ച തുക വിനിയോഗിച്ചു കുറ്റിച്ചൽ പഞ്ചായത്തിലെ തൊഴുത്തിൻകരചിറയിൽ 11 എം.എൽ.ഡി യുടെ ട്രീറ്റ്മെന്റ് പ്ലാന്റും അണിയിലക്കുന്നിൽ 1.40 ലക്ഷം ലിറ്ററിന്റെ ഓവർ ഹെഡ് ടാങ്കും 3 കിലോമീറ്ററോളം ദൂരത്തിൽ പമ്പിംഗ് മെയിനും സ്ഥാപിക്കും.

ഇതിനോടൊപ്പം പൂവച്ചൽ പഞ്ചായത്തിലെ പന്നിയോട്ട് 3.50 ലക്ഷം ലിറ്ററിന്റെ ഓവർ ഹെഡ് ടാങ്കും 5 കിലോമീറ്റർ ദൂരത്തിൽ പമ്പിംഗ് മെയിനും സ്ഥാപിക്കും.

ആര്യനാട് - ഉഴമലയ്ക്കൽ പഞ്ചായത്ത്

സമഗ്ര കുടിവെള്ള പദ്ധതിക്കായി 22.50 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. വെള്ളനാട് പഞ്ചായത്തിലും നെടുമങ്ങാട് നഗരസഭയും ഉൾപ്പെടുന്ന മേഖലയിലെ കുടിവെള്ള പദ്ധതിക്കായി 82 കോടി രൂപയുടെ പദ്ധതി തയാറാക്കി വരുന്നു.

വെള്ളനാട്

കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിയിടുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. വെള്ളനാട് കുളക്കോട് പമ്പ് ഹൗസിൽ നിന്നും കുതിരകുളം മെയിനിലേക്കുള്ള പഴയ പൈപ്പുകൾ മാറ്റി വലിയ പൈപ്പുകൾ സ്ഥാപിക്കുന്നു. 87 ലക്ഷം രൂപ ചെലവഴിച്ച് നാല് കിലോമീറ്റർ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമ്പോൾ വെള്ളനാട് പഞ്ചായത്തിലെ കുതിരകുളം, പുനലാൽ,പുതുമംഗലം, കണ്ണമ്പള്ളി, കടുക്കാമൂട്, ഉറിയാക്കോട്‌ വാർഡുകളിൽ പൂർണ്ണമായും കൂടാതെ ചാങ്ങ, വാളിയറ, കമ്പനിമുക്ക് എന്നിവിടങ്ങളിലും അരുവിക്കര പഞ്ചായത്തിലെ കടമ്പനാട് ഭാഗത്തും ഭാഗികമായും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയും. വാളിയറ മുതൽ ശങ്കരമുഖം വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ പഴക്കമുള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് 18 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.