കോസ്‌റ്ററിക്കയിലെ ഹെറഡിയ പ്രവശ്യയിലെ സാന്റാ ബാർബറ മലനിരകൾ നായ്ക്കളുടെയും നായപ്രേമികളുടെയും പറുദീസയാണ്. 'ടെറിറ്റോറിയോ ഡി സാഗ്വാട്സ് ' എന്ന നായ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 'തെരുവുനായ്ക്കളുടെ നാട് ' എന്നാണ് ഈ പേരിനർത്ഥം. കോസ്‌റ്ററിക്കയിലെ നിത്യഹരിത വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലൂടെ അങ്ങോളമിങ്ങോളം സ്വാതന്ത്ര്യത്തോടെ ഇവിടത്തെ നായ്ക്കൾ ഓടി നടക്കുന്നു.
2008ൽ ആൽവെരി സൗമെറ്റ് എന്നയാളും ഭാര്യ ലൈയാ ബാറ്റിലും ചേർന്നാണ് തങ്ങളുടെ 378 ഏക്കർ ഫാമിനെ ഒരു വലിയ നായ സംരക്ഷണ കേന്ദ്രമാക്കി മാറ്റിയത്. ഇപ്പോൾ ഇവിടെ 1,000 ത്തിലേറെ നായ്ക്കളുണ്ട്. രോഗങ്ങൾ, വൈകല്യങ്ങൾ, മനുഷ്യരിൽ നിന്നുള്ള ഉപദ്രവങ്ങൾ, പട്ടിണി തുടങ്ങിയ ദുരിതങ്ങളിൽ നിന്നും കരകയറിയ നിരവധി നായ്ക്കളുടെ അഭയകേന്ദ്രമാണ് ഇവിടം.
പകൽ സമയം സാങ്‌ച്വറിയിലുടനീളം നായ്ക്കൾക്ക് സഞ്ചരിക്കാൻ കഴിയും. ഇവർക്കുള്ള ആഹാരവും വെള്ളവും എപ്പോഴും സജ്ജീകരിച്ചിരിക്കും. നായ്ക്കളെ പരിപാലിക്കാൻ പ്രത്യേക വോളന്റിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 858 പൗണ്ട് ആഹാരമാണ് ദിനംപ്രതി നായ്ക്കൾക്ക് വേണ്ടി വരിക. ഇവിടത്തെ നായ്ക്കളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവയ്ക്കൊപ്പം സമയം ചെലവിട്ട് ഇഷ്‌ടമുള്ളതിനെ തിരഞ്ഞെടുക്കാം.
ലാബ്രഡോർ ഹസ്‌കി, ജർമൻ ഗ്രേഹണ്ട്സ് തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ഇവിടത്തെ നായ്ക്കൾക്ക് പ്രത്യേകം പേരുകളും നൽകിയിട്ടുണ്ട്. സാങ്‌ച്വറി സന്ദർശിക്കാൻ എത്തുന്നവർ നായ്ക്കളുടെ സംരക്ഷണത്തിന് സംഭാവന നൽകുന്നത് പതിവാണ്. മനുഷ്യരോട് വളരെ ഇണക്കമുള്ള സ്വഭാവമാണ് ഇവിടത്തെ നായ്ക്കൾക്ക്. ഏകദേശം ഒരു ദശലക്ഷം നായ്ക്കൾ കോസ്‌റ്ററിക്കൻ തെരുവുകളിൽ ഉണ്ടെന്നാണ് കണക്ക്.