kadakamapally

തിരുവനന്തപുരം : ശബരിമലയുടെ പേരുപറഞ്ഞ് എല്ലാകാലവും കലക്കവെള്ളത്തിൽ മീൻപിടിക്കാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാല ഉപതിരഞ്ഞെടുപ്പോടെ വെള്ളം തെളിഞ്ഞു. ശബരിമല സ്ഥിതി ചെയ്യുന്ന കോന്നിയിൽ ഇടത് സ്ഥാനാർത്ഥിയുടെ വിജയം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം വരാനിരിക്കെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെകുറിച്ച് സർക്കാർ ഒന്നും പറയുന്നില്ലെന്ന എം.വിൻസെന്റിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി.

വിധിയെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ സ്വാഗതം ചെയ്തു. സർക്കാരും കോടതിയെ ബഹുമാനിച്ചാണ് വിധി നടപ്പാക്കുമെന്ന് പറഞ്ഞത്. കോടതിവിധി അംഗീകരിക്കുന്നില്ലെന്ന് പറയാൻ പ്രതിപക്ഷത്തെ ആരെങ്കിലും ഇപ്പോൾ തയ്യാറാണോയെന്നും കടകംപള്ളി വെല്ലുവിളിച്ചു. വിൻസെന്റും റോ‌ജി എം.ജോണും വിധി അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാൽ നിയമസഭയുടെ പരിരക്ഷയില്ലാതെ പുറത്തിറങ്ങി പറയാനുള്ള ധൈര്യം കാട്ടണമെന്ന് മന്ത്രി തിരിച്ചടിച്ചു. ശബരിമല ഭക്തർക്ക് 12ഇടത്താവളങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിനായി 150കോടി അനുവദിച്ചിട്ടുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ശബരിമല വികസനത്തിന് 341.216കോടി അനുവദിച്ചപ്പോൾ എൽ.ഡി.എഫ് സർക്കാർ 1255.32കോടിയാണ് അനുവദിച്ചത്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ഉയർത്തണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ല. ഇത്തവണ ശബരിമല തീർത്ഥാടകാലത്ത് ഭക്തർക്ക് ദർശനം നടത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. കരുതൽ ശേഖത്തിനുള്ള അരവണയുടെ ഉത്പാദനം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.