karavaram-paddy

കരവാരം: അധികൃതരുടെ അനാസ്ഥ മൂലം ദുരിതത്തിലായിരിക്കുകയാണ് കരവാരം ഗ്രാമപഞ്ചായത്തിലെ കർഷകർ. പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ വഞ്ചിയൂർ - കട്ടപ്പറമ്പ് പാടശേഖരത്തിൽ നെല്ല് കൊയ്യാൻ പാകമായിട്ട് ഒരു മാസമാകുന്നു. നെല്ല് പഴുത്തപ്പോൾ മുതൽ കൊയ്‌ത്ത് യന്ത്രത്തിനായി കർഷകർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. പാകമായി കരിഞ്ഞുണങ്ങിയ നെല്ല് തണ്ടഴുകി പാടത്ത് വീണ് മുളച്ചുതുടങ്ങി. സമീപത്തെ ഓടയിലെ വെള്ളം തോട്ടിലേക്ക് വിടാതെ പാടത്തേക്ക് വിട്ടിരിക്കുന്നതും നെല്ല് നശിക്കാൻ കാരണമായി. കഴിഞ്ഞ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ നെൽപ്പാടങ്ങൾ കൃഷിചെയ്‌ത് വൻവിളവുണ്ടാക്കിയ പാടശേഖരങ്ങളിലൊന്നാണിത്. കർഷകരുടെ പ്രയാസം പഞ്ചായത്തധികൃതരെയും കൃഷിവകുപ്പിനെയും അറിയിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. പഞ്ചായത്തുകൾ കാർഷിക മേഖലയ്‌ക്കായി വൻതുക വർഷാവർഷം നീക്കിവയ്‌ക്കുമെങ്കിലും കൊയ്‌ത്ത് മെതിയന്ത്രം വാങ്ങുന്നതിന് പദ്ധതി നടപ്പാക്കാറില്ലെന്നാണ് കർഷകരുടെ പരാതി. പഞ്ചായത്തിന്റെയും ജില്ലയുടെയും അഭിമാന പാടശേഖരത്തിലെ കൃഷി അവസാനിപ്പിക്കേണ്ട ഗതികേടിലാണ് കർഷകർ.