കൊട്ടിഘോഷിച്ചു നടപ്പാക്കാൻ ഒരുങ്ങുന്ന മേഖല സമഗ്ര സാമ്പത്തിക കരാർ (ആർ.സി.ഇ.പി) ഇന്ത്യയ്ക്ക് ഗുണമൊന്നും നൽകാൻ പോകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാകണം പ്രധാനമന്ത്രി നരേന്ദ്രമോദി പതിനാറ് രാജ്യങ്ങളുടെ ഉച്ചകോടിക്കായി ബാങ്കോക്കിലേക്കു പോയത്.
ഇന്ത്യയ്ക്ക് തീർത്തും ദോഷകരമായ കരാറിനെതിരെ മാസങ്ങളായി രാജ്യത്ത് വൻ പ്രതിഷേധം അലയടിക്കുകയാണ്. ഇപ്പോൾത്തന്നെ വൻ സാമ്പത്തികത്തകർച്ച നേരിടുന്ന രാജ്യത്തിന്, ചൈനയ്ക്കും അതുപോലെയുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും നേട്ടമാകുന്ന ആർ.സി.ഇ.പി കരാറിൽ എങ്ങനെ ഒപ്പിടാനാകും ? പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം കരാറിനെതിരാണ്. ഭരണപക്ഷത്തും കരാറിനോട് എതിർപ്പുള്ളവരുണ്ട്. ബി.ജെ.പിയോട് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനകളും സ്വദേശി ജാഗരൺ മഞ്ച് പോലുള്ള പ്രസ്ഥാനങ്ങളും കരാറിലെ അപകട സൂചനകൾ തിരിച്ചറിഞ്ഞവരാണ്. ഇതൊക്കൊയായിട്ടും വിദേശ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി ഇന്ത്യ കരാറിന്റെ ഭാഗമാവുക തന്നെ ചെയ്യുമെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ടാണ് പ്രധാനമന്ത്രി മോദി ബാങ്കോക്കിലേക്കു വിമാനം കയറിയത്. കരാറിനെതിരെ രാജ്യത്ത് വിവിധ മേഖലകളിൽ നിന്നുയർന്ന അതിശക്തമായ എതിർപ്പാകാം കരാറിനൊപ്പം നിൽക്കാൻ പ്രധാനമന്ത്രിക്കു തടസമായതെന്നു വേണം കരുതാൻ. കർഷകരുടെയും തൊഴിലാളികളുടെയും സംരംഭകരുടെയും സേവന മേഖലകളുടെയുമൊക്കെ താത്പര്യങ്ങൾ ഹനിക്കുന്ന സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഏഴുവർഷത്തോളമായി ചർച്ചകളും ഉച്ചകോടികളും നടന്നുവരികയാണ്. ചൈനീസ് മേധാവിത്വമാണ് എവിടെയും മുന്നിൽ കാണാവുന്നത്. കരാർ പ്രാബല്യത്തിൽ വന്നാൽ ഏറ്റവുമധികം നേട്ടമുണ്ടാകുന്നതും ചൈനയ്ക്കാണ്.
ഇപ്പോഴുള്ള രൂപത്തിൽ ആർ.സി.ഇ.പി കരാർ ഇന്ത്യയ്ക്ക് ഗുണകരമല്ലാത്തതിനാലാണ് ഒപ്പുവയ്ക്കാതെ പിന്മാറുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഉച്ചകോടി വേദി വിട്ടത്. ഇത്തരത്തിലൊരു കരാറിനായി രാജ്യത്തിന്റെ അടിസ്ഥാന താത്പര്യങ്ങൾ അടിയറ വയ്ക്കാനാവില്ലെന്ന നിലപാട് മുഴുവൻ ഇന്ത്യക്കാരുടെയും അഭിപ്രായമാണ് പ്രതിഫലിപ്പിക്കുന്നത്. കർഷകരും മറ്റു മേഖലകളിലുള്ളവരും ഉയർത്തിയ ആശങ്ക പരിഗണിക്കപ്പെടേണ്ടതു തന്നെയെന്നു സ്വയം ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ കരാറിൽ നിന്നു പിൻവാങ്ങുന്നതെന്ന മോദിയുടെ വാക്കുകളിലെ ആത്മാർത്ഥതയും ആർജ്ജവവും അംഗീകരിക്കപ്പെടേണ്ടതു തന്നെ.
രാജ്യത്തെ സംബന്ധിക്കുന്ന ഏതു പുതിയ കാൽവയ്പ് നടത്തുമ്പോഴും ഏറ്റവും ദരിദ്രനായ മനുഷ്യന് അതുകൊണ്ട് എന്തു പ്രയോജനം ലഭിക്കുമെന്ന് ചിന്തിക്കണമെന്ന മഹാത്മാഗാന്ധിയുടെ വികസന മന്ത്രം അനുസ്മരിച്ചു കൊണ്ടാണ് ആർ.സി.ഇ.പി കരാറിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയാണെന്ന പ്രഖ്യാപനം നരേന്ദ്രമോദി നടത്തിയത്. ഇന്ത്യ പിൻവാങ്ങിയെങ്കിലും കരാർ അടുത്ത ഫെബ്രുവരിയിൽ ഒപ്പുവയ്ക്കാനാണ് പതിനഞ്ച് രാഷ്ട്രങ്ങളുടെ തീരുമാനം. ചർച്ചകളിലൂടെ ഇന്ത്യയ്ക്ക് ഭിന്നതകൾ പരിഹരിച്ച് ഏതു സമയത്തും കരാറിന്റെ ഭാഗമാകാമെന്ന നിലപാടിലാണ് മറ്റ് അംഗരാജ്യങ്ങൾ.
നൂറ്റിമുപ്പത്തഞ്ചു കോടി ജനങ്ങളുള്ള ഇന്ത്യയുടെ സ്വതന്ത്ര വിപണിയിൽ കണ്ണുവച്ചാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അത്യുത്സാഹത്തോടെ കരാറുമായി മുമ്പോട്ടുനീങ്ങിയത്. ഇറക്കുമതിച്ചുങ്കം ഉണ്ടായിട്ടും നിലവിൽ ചൈനയുടെ ഏറ്റവും വലിയ വിദേശ വിപണി ഇന്ത്യയാണ്. ചൈനയിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ ഉത്പന്നങ്ങൾ കൊണ്ട് രാജ്യത്തെ കടകൾ നിറഞ്ഞിരിക്കുകയാണ്. ഗ്രാമങ്ങളിൽ പോലും അവയുടെ കടന്നുകയറ്റം തദ്ദേശീയ ഉത്പന്നങ്ങൾക്ക് വലിയ ഭീഷണിയാണ്. കരാറിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നുവെങ്കിൽ ചൈനയിൽ നിന്നു മാത്രമല്ല, മറ്റു അംഗരാജ്യങ്ങളിൽ നിന്നുള്ള പരസഹസ്രം ഉത്പന്നങ്ങളും തീരുവ കൂടാതെ ഇന്ത്യൻ വിപണിയിൽ നിറയുമായിരുന്നു. ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വില കുറഞ്ഞ ക്ഷീരോത്പന്നങ്ങൾ സ്വദേശി ക്ഷീരമേഖലയുടെ നിലനില്പു തന്നെ ഇല്ലാതാക്കുമായിരുന്നു. ഇതുൾപ്പെടെ കാർഷിക മേഖലയുടെ വലിയ തകർച്ചയ്ക്കും സാമ്പത്തിക പങ്കാളിത്ത കരാർ വഴിവയ്ക്കുമായിരുന്നു. ഈ ആപത്ത് മുന്നിൽ കണ്ടാണ് വിവേകമതികൾ ആദ്യം തൊട്ടേ കരാറിനെതിരെ ശബ്ദമുയർത്തിക്കൊണ്ടിരുന്നത്.
പങ്കാളിത്ത രാജ്യങ്ങൾക്കെല്ലാം തുല്യവിപണി എന്ന ആശയമാണ് കരാറിനു പിന്നിലുള്ളതെങ്കിലും ബലവാൻ ദുർബലനെ ചവിട്ടിത്താഴ്ത്തുന്നതു പോലെ ചൈനയെപ്പോലുള്ള പ്രബലന്മാർക്കാകും ആധിപത്യമെന്നത് നിസംശയമാണ്. ഇറക്കുമതിതീരുവ പാടെഇല്ലാതാക്കിയുള്ള സ്വതന്ത്ര വിപണിയാണ് ആർ.സി.ഇ.പി കരാർ ലക്ഷ്യമാക്കുന്നത്. ഇറക്കുമതിയുമായി ബന്ധപ്പെട്ട് പ്രത്യേക പരിരക്ഷാ വ്യവസ്ഥകളില്ലെങ്കിൽ ഇന്ത്യയ്ക്ക് കരാർ വൻവിനയാകുമെന്നതിനാലാണ് രാജ്യത്ത് വലിയ എതിർപ്പ് ഉയർന്നത്. ഉച്ചകോടിയിൽ ഇത്തരം വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തണമെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കാർഷികരംഗത്തും മറ്റു ഉത്പാദന മേഖലകളിലും വലിയ വിപത്തുണ്ടാക്കുമായിരുന്ന കരാറിൽ നിന്നുള്ള പിന്മാറ്റം കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്നതാണ് യാഥാർത്ഥ്യം. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിനായി ഉറക്കമിളച്ച് കാത്തിരിക്കുന്ന ചൈനയെ പൂർണമായും നിരാശപ്പെടുത്തുന്നതാണ് ഇന്ത്യയുടെ തീരുമാനം.
മേഖലാ സഹകരണത്തെക്കുറിച്ച് തേനൂറുന്ന വാക്കുകൾ കൊണ്ട് ഇന്ത്യയെ എപ്പോഴും സന്തോഷിപ്പിക്കാറുള്ള ചൈനീസ് നേതൃത്വം കിട്ടുന്ന ഓരോ അവസരവും സ്വന്തം താത്പര്യം ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ആർ.സി.ഇ.പി ഉച്ചകോടി ഒരിക്കൽക്കൂടി ചൈനയുടെ ഗൂഢതന്ത്രങ്ങൾ പുറത്തെടുക്കുന്നതിനുള്ള വേദിയായി.