walayar-case

തിരുവനന്തപുരം: വാളയാർ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജില്ലാകോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധകൂട്ടായ്മ നടത്തി. "മാനിഷാദ" എന്ന പേരിൽ നടത്തിയ പരിപാടി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീട് സന്ദർശിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി മാതാപിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തി കാലുപിടിപ്പിക്കുകയാണുണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് പോക്‌സോ കേസുകളിലെ 70 ശതമാനം പ്രതികളും വിചാരണവേളയിൽ രക്ഷപ്പെടുകയാണ്. ഇത് പൊലീസിന്റെ കഴിവുകേടാണ്. കഴിവുകെട്ട മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആർക്കും എന്തുമാകാമെന്ന സ്ഥിതിയാണ്. വാളയാർ കേസിലെ പ്രതികൾ അരിവാൾ പാർട്ടിക്കാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. സംസ്ഥാനത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ മുഴുവൻ എം.എൽ.എമാരുടെ ഭാര്യ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാരെ കുത്തിനിറച്ചിരിക്കുകയാണ്. കേസ് സി.ബി.ഐക്ക് വിടാൻ തയ്യാറാകാതെ ബന്ധുക്കൾ കേസിന് പോയാൽ പിന്തുണയ്ക്കാമെന്നാണ് സർക്കാർ പറയുന്നത്. ഇങ്ങനെയാണോ സർക്കാർ പ്രവർത്തിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥൻ,​ എം.വിൻസെന്റ്, എം.എം.ഹസൻ,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ടി.ശരത്ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, കെ.മോഹൻകുമാർ, പാലോട് രവി, ശാസ്തമംഗലം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.