general

ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാത നിറയെ മരണക്കെണിയായി മാറിയിട്ട് കാലങ്ങളായി. പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്. ഊരാളുങ്കൽ ലേബർ സഹകരണ സൊസൈറ്റിക്കാണ് ഇതിന്റെ നിർമ്മാണ ചുമതല. മരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന്റെ നിർമ്മാണച്ചുമതല സൊസൈറ്റിക്ക് പൂർണമായും കൈമാറിയതിനാൽ ദേശീയപാതയിൽ മെയിന്റെനൻസ് വർക്കുകൾക്ക് തുക അനുവദിക്കാൻ മരാമത്തിന് കഴിയില്ല. ഇക്കാരണത്താൽ കഴിഞ്ഞ രണ്ട് വർഷമായി മുടവൂർപ്പാറ മുതൽ ബാലരാമപുരം വരെ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. രാത്രികാലങ്ങളിൽ ദേശീയപാതവഴിയുള്ള സഞ്ചാരം വാഹനയാത്രികർക്ക് വെല്ലുവിളിയായിമാറി. വിവിധ സന്നദ്ധസംഘടന പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊടിനട മുതൽ റിലയൻസ് പെട്രോൾ പമ്പിന് സമീപം വരെ റോഡ് നിറയെ മരണക്കെണികളാണ്.

ഈ ഭാഗത്തെ കുഴികൾ ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയൽ ചർച്ചകളുമുണ്ട്. എന്നിട്ടും റോഡിന്റെ അവസ്ഥ പഴയതുതന്നെ. അതുപോലെ നെയ്യാറ്റിൻകര റോഡിൽ പമ്പിന് മുൻ വശവും റോഡ് തകർന്നിരിക്കുകയാണ്. ടാർ ഇളകിയതും കുണ്ടും കുഴിയും രൂപപ്പെട്ട് അപകടസാദ്ധ്യതയേറിയ സ്ഥലങ്ങളിലും അടിയന്തരമായി മെയിന്റനൻസ് ചെയ്യണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

ജംഗ്ഷനിലെ അപകടക്കുഴികൾ വാഹനയാത്രികർക്ക് വെല്ലുവിളിയായിമാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ചെറുതും വലുതുമായി നടന്ന നിരവധി അപകങ്ങളിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരുണ്ട്. പല ഭാഗത്ത് നിന്നും പരാതിയുയർന്നിട്ടും കുഴികളടക്കാൻ മരാമത്തോ ദേശീയപാത അധികൃതരോ മുന്നോട്ട് വന്നിട്ടില്ല.