തിരുവനന്തപുരം: കോടതി വിധിയുടെ പേരിൽ യാക്കോബായ സഭയെ ഇല്ലാതാക്കാമെന്ന് വിചാരിക്കരുതെന്ന് യാക്കോബായാ സുറിയാനി സഭാ കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ മുംബയ് ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സന്ത്രയോസ് സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 ലക്ഷം യാക്കോബായ വിശ്വാസികൾ കടുത്ത പ്രതിസന്ധിയിലാണ്. ദേവാലയ സെമിത്തേരിയിൽ ബന്ധുക്കളുടെ സംസ്‌കാരം നടത്താൻപോലും കഴിയുന്നില്ല. മരടിലെ ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ടപ്പോൾ താമസിക്കുന്നവർക്ക് മറ്റൊരു താമസസ്ഥലവും നഷ്ടപരിഹാരവും നൽകാൻ തയ്യാറായി. എന്നാൽ പള്ളികളിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന യാക്കോബായ വിഭാഗത്തിന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. സഭയെ സംരക്ഷിക്കാൻ ഭരണകൂടം തയ്യാറാവുമെന്നാണ് വിശ്വസിക്കുന്നതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പള്ളി പിടിച്ചടക്കലാണ് നടക്കുന്നതെന്നു തോമസ് മാർ അലക്‌സന്ത്രയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
ഒരു വർഷമായി പള്ളി പിടിച്ചെടുക്കലാണ് നടക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസ്യോസ് പറഞ്ഞു. ഡീക്കൻ തോമസ് കൈയാത്തറ, കൺവീനർമാരായ ഫാ. സാബു കായംകുളം, ഫാ. റോയി കട്ടച്ചിറ, ഫാ. തോമസ് പൂതിയോട്ട്, ഫാ. തോമസ് കൊച്ചുപറമ്പിൽ, ഫാ. ജോൺ ഐപ്, അനീഷ് ജോയ്, ഫാ. സക്കറിയ കളരിക്കൽ, കോശി എം. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.