സിഡ്നി: അസ്ട്രേലിയക്കാരി ആംബർ ലൂക്കിന് ടാറ്റൂവിനോട് വല്ലാത്തൊരു ഹരമാണ്. ശരീരത്തിന്റെ പലഭാഗത്തായി നൂറിലധികം ടാറ്റുകളാണ് ഉള്ളത്. പക്ഷേ, അടുത്തിടെ കണ്ണിൽ ടാറ്റൂ ചെയ്യാൻശ്രമിച്ചത് ആകെ കുഴപ്പമുണ്ടാക്കി. ആംബർലൂക്കിന്റെ കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു.
കണ്ണിലെ വെള്ളയിൽ നീല നിറത്തിൽ ടാറ്റൂ ചെയ്യാനായിരുന്നു ശ്രമം. ടാറ്റൂ ആർട്ടിസ്റ്റിനോട് ആഗ്രഹം പറഞ്ഞപ്പോൾത്തന്നെ അതിന്റെ ദൂഷ്യവശങ്ങൾ അവർ ആംബറിനെ ധരിപ്പിച്ചു. പക്ഷേ, പിന്മാറിയില്ല. നിർബന്ധം ഏറിയതോടെ ടാറ്റൂ ചെയ്തുകൊടുത്തു. ഒരിക്കലും ഒാർമ്മിക്കാൻ ഇഷ്ടപ്പെടാത്ത സംഭവം എന്നാണ് ആംബർ ഇതിനെക്കുറിച്ച് പറയുന്നത്. ടാറ്റൂ ചെയ്യുന്ന സൂചി കണ്ണിൽ തുളച്ചുകയറിയപ്പോൾ ഗ്ലാസിന്റെ കൂർത്ത കഷണങ്ങൾ കണ്ണിൽ ഉരസിയപോലെയാണ് തോന്നിയത്. എന്റെ ജീവൻ പോവുകയാണെന്നുവരെ തോന്നി. എങ്കിലും സഹിച്ചുകിടന്നു. ടാറ്റൂ ചെയ്തുഴിഞ്ഞപ്പോഴാണ് കാഴ്ചശക്തി നഷ്ടമായ കാര്യം വ്യക്തമായത്. അതോടെ പേടിച്ചുപോയി. കണ്ണിനുള്ളിൽ ആഴത്തിൽ ടാറ്റൂ ചെയ്യുകയായിരുന്നു ആർട്ടിസ്റ്റ് ചെയ്തത്. നല്ല രീതിയിൽ ചെയ്താൽ കാഴ്ചയ്ക്ക് ഒന്നും പറ്റിയില്ല. എനിക്ക് മൂന്ന് ആഴ്ചയോളം കാഴ്ച ഇല്ലായിരുന്നു- ആംബർ പറഞ്ഞു.
എട്ട് വർഷങ്ങൾക്ക് മുമ്പ് പതിനാറാം വയസിലാണ് ആംബർ ആദ്യമായി ശരീരത്തിൽ ടാറ്റൂ ചെയ്തത്.അതിനുശേഷമാണ് ടാറ്റൂ പ്രേമം കലശലായത്. ടാറ്റൂ ചെയ്തതിനൊപ്പം തലമുടിയിൽ പലനിറങ്ങൾ പൂശുകയും ചെയ്തു. അടുത്തിടെയാണ് നാവ് ശസ്ത്രക്രിയയിലൂടെ രണ്ടാക്കിയത്.
കാഴ്ചയെവരെ ബാധിച്ചെങ്കിലും ടാറ്റൂ പ്രേമത്തിൽ നിന്ന് പിന്മാറാൻ തൽക്കാലം ആംബർ ഒരുക്കമല്ല. ശരീരം മുഴുവൻ ടാറ്റൂ നിറയ്ക്കുന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ ആലോചന.