കല്ലമ്പലം: കേന്ദ്ര മന്ത്രി വി.മുരളീധരൻ ശിവഗിരിയിൽ നിന്ന് നയിച്ച ഗാന്ധി സങ്കല്പ യാത്ര കഴിഞ്ഞ ദിവസം പുത്തൻചന്ത, പാലച്ചിറ, വടശ്ശേരിക്കോണം വഴി ഞെക്കാട് ജംഗ്ഷനിലെത്തി നൂറോളം പേരടങ്ങുന്ന ജനസഭയിൽ പങ്കെടുത്തു. തുടർന്ന് നാട്ടുകാരുടെ പരാതികൾ കേൾക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചിലത് നടപടികൾക്കായി സ്വീകരിക്കുകയും ചെയ്തതിനു ശേഷമാണ് യാത്ര തുടർന്നത് . വൈകുന്നേരം 6 ന് കല്ലമ്പലത്ത് സമാപിച്ചു. സമാപന സമ്മേളനം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു. മണമ്പൂർ ദിലീപ് സ്വാഗതവും, കല്ലമ്പലം ഉല്ലാസ് നന്ദിയും പറഞ്ഞു.കേന്ദ്ര മന്ത്രി വി. മുരളീധരൻ മുഖ്യ പ്രസംഗം നടത്തി. ശോഭാസുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അഡ്വ സുരേഷ്‌കുമാർ, കരമന ജയൻ, ബാഹുലേയൻ, ഡോ. ബാവാ, ചാവർകോട് ഹരിലാൽ, ബാലമുരളി, ശ്രീപരാഗം വിജയൻ, കല്ലമ്പലം രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ 10 ന് മഹാസമാധയിൽ ദർശനം നടത്തിയശേഷം ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും കൂടിക്കാഴ്ച നടത്തിയ മാവിന്റെ ചുവട്ടിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് ഗാന്ധിജി സങ്കൽപ്പയാത്ര ആരംഭിച്ചത്.