window

തിരുവനന്തപുരം: സി.പി.എം പാളയം ഏരിയാ കമ്മിറ്റി സെക്രട്ടറി പ്രസന്നകുമാറിന്റെ തിട്ടമംഗലത്തുള്ള വീടിനു നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നരയോടെ കുണ്ടമൺകടവ് പുലരിനഗറിലെ വീട്ടിലാണ് സംഭവം. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞത്. സംഭവം നടക്കുമ്പോൾ പ്രസന്നകുമാറും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രസന്നകുമാറിന്റെ മകൻ കിടന്നിരുന്ന മുറിയുടെ ജനൽച്ചില്ലുകൾ പൊട്ടി മുറിക്കകത്തേക്ക് നിരവധി കല്ലുകൾ പതിച്ചു. വീട്ടുകാർ പുറത്തിറങ്ങാതിരുന്നതിനാൽ ആർക്കും പരിക്കില്ല. പ്രസന്നകുമാർ തൊട്ടടുത്തുള്ള വീട്ടുകാരെ ഫോണിലൂടെ വിവരം അറിയിച്ചതിനെത്തുടർന്ന് അവർ ലൈറ്റിട്ടതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. അക്രമികളുടെ സി.സി ടിവി ദൃശ്യം തൊട്ടടുത്ത വീട്ടിലെ കാമറയിൽ നിന്നു പൊലീസിന് ലഭിച്ചു. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.