nov05a

ആറ്റിങ്ങൽ: ദേശീയ പാതയിൽ ഐ.ടി.ഐയ്ക്കു സമീപം മദ്യ ലോറികൾ പാർക്കു ചെയ്യുന്നത് അപകടം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി റോഡ് മുറിച്ചു കടക്കുമ്പോൾ ടിപ്പർ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. മദ്യ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ റോഡ് മുറിച്ചു കടന്ന കുട്ടിയെ കണ്ടില്ലെന്നാണ് ടിപ്പർ ലോറി ‌ഡ്രൈവർ പറഞ്ഞത്. ഇതുപോലെ നിരവധി അപകടങ്ങൾ ഇവിടെ നിത്യവും പതിവാണ്.

മദ്യം നിറച്ച ലോറികൾ വൈദ്യുതി ലൈന് അടിയിലാണ് പാർക്കുചെയ്യുന്നത്. പലപ്പോഴും ലൈൻ മദ്യം മൂടിയിരിക്കുന്ന ടാർപ്പാളിനിൽ തട്ടിയാണ് കിടക്കുന്നത്. അബന്ധവശാൽ ഇതിൽ തീപിടിച്ചാൽ ലോറിക്കണക്കിന് മദ്യം കത്തി പൊട്ടിത്തെറിച്ച് ഒരു പ്രദേശം തന്നെ ഇല്ലാതാവുമെന്ന ഭീതിയിലാണ് ജനം.

ദേശിയപാതയിൽ ആറ്റിങ്ങൽ ഗതാഗതക്കുരുക്കിന്റെ കേന്ദ്രമാണ്. ഇതിന് ആക്കംകൂട്ടുകയാണ് ഇവിടുത്തെ അനധികൃത പാർക്കിംഗ്. ഈ അനധിക‌ൃതപാർക്കിംഗിനും നികുതിപിരിക്കുന്നുണ്ട് എന്നതാണ് തമാശ. അടുത്തകാലങ്ങളിൽ ഐ.ടി.ഐയ്ക്കു സമീപം അടിയ്ക്കടിയുണ്ടാകുന്ന അപകടങ്ങൾക്കുകാരണം ലോറികളുടെ അനധികൃത പാർക്കിംഗാണെന്നു മനസിലാക്കിയ ആർ.ടി.ഒ ഉദ്യോഗസ്ഥർ ഇവിടെനിന്നും ലോറികൾ മാറ്റി പാർക്ക് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവിനെ കാറ്റിൽപറത്തി വീണ്ടും ലോറികളുടെ പാർക്കിംഗ് ഇവിടെത്തന്നെ നടക്കുകയാണ്.

ലോറികൾ പാർക്കുചെയ്തശേഷം അതിലെ ജീവനക്കാർ ലോറിയ്ക്കടിയിലാണ് ഭക്ഷണം പാചകംചെയ്യുന്നതും കിടന്നുറങ്ങുന്നതും. കൂടാതെ പ്രാഥമികക‌ൃത്യങ്ങൾ നിർവഹിക്കുന്നത് സമീപത്തെ പറമ്പുകളിലും. ഇത് സമീപവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. ഇവിടെ നികുതിപിരിക്കുന്ന നഗരസഭ വാഹനങ്ങളുമായെത്തുന്നവർക്ക് അടിസ്ഥാന സൗകര്യളൊരുക്കാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രശ്നങ്ങൾ കാണിച്ച് നഗരസഭയ്ക് നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്.