പോത്തൻകോട് : ലോകത്തിലെ ആദ്യ ഭിന്നശേഷി ഡിഫറന്റ് ആർട്ട് സെന്റർ നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെന്റർ നാടിന് സമർപ്പിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. ഡിഫറന്റ് തോട്ട് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. കെ.ഡിസ്‌ക് ചെയർമാൻ ഡോ. കെ.എം. എബ്രഹാം, പ്ലാനിംഗ് ബോർഡംഗം മൃദുൽ ഈപ്പൻ, സാമൂഹ്യനീതി ആൻഡ് നിഷ് ഡയറക്ടർ ഷീബാ ജോർജ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ബാബു ജോർജ്, ഐക്കൻസ് റീജിയണൽ ഡയറക്ടർ ഡോ. മേരി ഐപ്പ്, നഗരസഭ കൗൺസിലർ എസ്. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും. മാജിക് അക്കാഡമി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് സ്വാഗതവും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ആൻഡ് എൻ.ഐ.പി.എം.ആർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ നന്ദിയും പറയും. മാജിക് അക്കാഡമിയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഭിന്നശേഷിക്കുട്ടികളുടെ കഴിവുകൾ ലോകത്തിന് മുന്നിൾ കാഴ്ചവയ്ക്കാൻ ദൃശ്യവൈവിദ്ധ്യങ്ങളോടെ 7 വേദികളാണ് ഒരുക്കിയിരിക്കുന്നത്.