niyamasabha

കിഫ്ബി വഴിയുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് പദ്ധതിയിലെന്തോ ചീഞ്ഞുനാറുന്നുവെന്ന് സംശയിക്കുന്നത് വി.ഡി. സതീശനാണ്.

130 കോടിക്ക് നടക്കേണ്ട കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി 340 കോടിക്ക് അവാർഡ് ചെയ്തെന്നാണ് ആരോപണമെങ്കിലും മന്ത്രി മണിക്കതിൽ പങ്കില്ലെന്ന് പറയാൻ സതീശൻ സൗമനസ്യം കാട്ടി. വേറെ വൻതോക്കുകളാണത്രേ പിന്നിൽ. സത്യസന്ധമല്ലാത്തത് ബുദ്ധിയുള്ള വക്കീലന്മാർ സത്യമാണെന്ന് ധരിപ്പിച്ച് ആളുകളെ പറ്റിക്കുന്ന ഏർപ്പാടാണ് സതീശന്റേതെന്ന് പറഞ്ഞ് മന്ത്രി മണി സതീശനെ നിർദ്ദയം തള്ളിപ്പറഞ്ഞു! കെ.എസ്.ഇ.ബിയിൽ ടെൻഡർ അധികരിച്ച് തുക അവാർഡ് ചെയ്യപ്പെടുന്നതിൽ അസ്വാഭാവികതയില്ലെന്ന് മന്ത്രി തോമസ് ഐസക്കും നിഷ്കളങ്കനായെങ്കിലും അന്വേഷണം കൂടിയേ തീരൂവെന്നതിൽ ഉറച്ചുനിന്ന പ്രതിപക്ഷം ഉപധനാഭ്യർത്ഥന ചർച്ച അവസാനിക്കാൻ നേരത്ത് ബഹിഷ്കരിച്ചിറങ്ങി.

റീബിൽഡ് കേരളയ്ക്ക് ലോകബാങ്ക് കൊടുത്ത 1780 കോടിയുടെ കണക്ക് ഉപധനാഭ്യർത്ഥനയിൽ കാണാത്തതിലും സതീശൻ ഡൗട്ടിംഗ് തോമസായി. ട്രഷറിയിൽ പണമിടുന്നത് പൊതുവായിട്ടാണെന്നും ഏതെങ്കിലും ആവശ്യത്തിനെന്ന് ചാപ്പകുത്തി പണം ട്രഷറിയിലിടാറില്ലെന്നും റീബിൽഡ് കേരളയ്ക്ക് പണം കിട്ടുന്നുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്നുമെല്ലാം പറഞ്ഞ് സതീശനെ സമാധാനിപ്പിക്കാൻ ഐസക് കിണഞ്ഞു ശ്രമിച്ചിട്ടും ഫലമുണ്ടായെന്ന് തോന്നുന്നില്ല.

വലിയ പ്രാണികൾ വാ പൊളിക്കുമ്പോൾ/ ചെറിയ പ്രാണികളതിൽ കുടുങ്ങുന്നു/ പണസഞ്ചിക്കകം കാലിയായാൽ പിന്നെ/ പിണമല്ലോ വെറും പുഴുവല്ലോ... എന്ന് പാടി രംഗപ്രവേശം ചെയ്തത് ഉപധനാഭ്യർത്ഥന ചർച്ചയിൽ പുതിയ മഞ്ചേശ്വരം അംഗം എം.സി. കമറുദ്ദീനാണ്. അവിടം കൊണ്ട് നിറുത്താതെ വേറെയും വരികൾ ചൊല്ലിയ കമറുദ്ദീനെ പി.ജെ. ജോസഫ്, എം.കെ. മുനീർ, എം. രാജഗോപാലൻ, മന്ത്രി കടന്നപ്പള്ളി ആദികളായവർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാവും.

ഖജനാവിൽ കൈയിട്ട് നോക്കിയാൽപോലും ഒന്നും തടയില്ലെന്ന മന്ത്രി കെ. രാജുവിന്റെ പ്രസ്താവന വായിച്ച എ.പി. അനിൽകുമാർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി: 'നാളുകളായി നിറയാതിരിക്കുന്ന ഖജനാവിലേക്ക് കൈയിടരുത്. വല്ല പാമ്പും വന്ന് കടിച്ചെന്നിരിക്കും.' മോദിക്കെതിരായ ഏക ബദൽ കേരളമാണെന്ന് കരുതുന്ന സി. ദിവാകരൻ, അതിനാൽ മുഖ്യമന്ത്രിയെ ഹിറ്റ്ലർ എന്ന് പ്രതിപക്ഷനേതാവ് വിളിച്ചതിൽ പ്രതിഷേധമറിയിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ നിന്ന് പിണറായിവിരുദ്ധ രാഷ്ട്രീയത്തിലേക്ക് പ്രതിപക്ഷം അധഃപതിച്ചെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കാശ്മീർ- കന്യാകുമാരി ഹൈസ്പീഡ് റെയിൽ ഇടനാഴിയെപ്പറ്റി വരെയുള്ള സ്വപ്നങ്ങൾ പങ്കുവച്ച പി.ജെ. ജോസഫ് ആ രഹസ്യം മറച്ചുവച്ചില്ല: ഇതൊക്കെ പറയാനാണ് താൻ പാർലമെന്റിലേക്ക് പോകാനാഗ്രഹിച്ചത്. അടുത്തതവണ സാധിക്കട്ടെയെന്ന് ചെയറിലിരുന്ന വി.പി. സജീന്ദ്രൻ ആശ്വസിപ്പിച്ചു.

എതിർക്കുന്നയാളിന്റെ പകുതി ശക്തി കിട്ടുന്ന ബാലിയോട് മുഖ്യമന്ത്രി പിണറായി വിജയനെ ടി.വി. രാജേഷ് ഉപമിച്ചു. താൻ ചിരിക്കുന്ന താമരയെന്ന് പരിഹസിച്ച പ്രതിപക്ഷത്തോട് വട്ടിയൂർക്കാവിലെ പുതിയ അംഗം വി.കെ. പ്രശാന്ത് ഓർമ്മിപ്പിച്ചു: അവിടെ ബി.ജെ.പി കോൺഗ്രസിന് വോട്ട് ചെയ്തത് കൊണ്ടാണ് ഈ സ്ഥിതിയെങ്കിലും കോൺഗ്രസിനുണ്ടായതെന്ന്. ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ എന്നിവ തീർത്ത ലോകത്തിനകത്താണ് ഇന്നത്തെ യുവത്വമെന്ന് മുല്ലക്കര രത്നാകരൻ വേവലാതിപ്പെട്ടു. യു.എ.പി.എ ഭേദഗതിയെ പാർലമെന്റിൽ അനുകൂലിച്ചിട്ട് ഇവിടെ എതിർക്കുന്ന കോൺഗ്രസിനോട് കെ.വി. അബ്ദുൾഖാദർ ചോദിച്ചു: കോടതി പിരിഞ്ഞിട്ട് ലാ പോയിന്റ് പറഞ്ഞിട്ട് കാര്യമുണ്ടോ?

മാവോയിസ്റ്റുകൾ, റോന്ത് ചുറ്റുകയായിരുന്ന പൊലീസിനെയാണ് വെടിവച്ചതെന്ന നിലപാടിൽ മുഖ്യമന്ത്രിക്ക് മാറ്റമുണ്ടായിട്ടില്ല. സി.പി.ഐക്കാരുടെ റിപ്പോർട്ട് അതിനാൽ വൃഥാവിലാകാനാണ് സാദ്ധ്യതയെന്നനുമാനിക്കാം. ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം തരുന്ന ഭരണഘടനയിലെ 21-ാം വകുപ്പ് നക്സലൈറ്റുകൾക്ക് ബാധകമല്ലെന്ന് ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് വായിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോയെന്ന് ആശങ്കപ്പെട്ടു.