thomas-issac

തിരുവനന്തപുരം:വൈദ്യുതി ബോർഡിന്റെ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടിയായി മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഴിമതി നടക്കാത്ത വിഷയത്തിൽ അന്വേഷണം ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വി.ഡി.സതീശൻ പ്രത്യേക നോട്ടീസ് നൽകിയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. എസ്റ്റിമേറ്റിന്റെ 50 മുതൽ 80 ശതമാനം വരെ അധികതുക വകയിരുത്തിയാണ് കരാർ നൽകിയതെന്നും, പദ്ധതിയിൽ 250 കോടിയുടെ അഴിമതി നടന്നതായും സതീശൻ ആരോപിച്ചു. ടെണ്ടർ നടപടികളിലും കരാർ കമ്പനികളെ തിരഞ്ഞെടുത്തതിലും അഴിമതിയുണ്ട്.180 കോടിക്കു നടപ്പാക്കേണ്ട പദ്ധതിയുടെ അടങ്കൽ 372 കോടിയിലെത്തി. 10 ശമതാനത്തിനു മേൽ എസ്റ്റിമേറ്റ് വന്നാൽ റീടെണ്ടർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല.കരാർ കമ്പനികളുടെ പ്രതിനിധികൾ കൂടി പങ്കെടുത്ത് പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ നിശ്ചയിച്ചതിലൂടെ കരാറിലെ മത്സര സ്വഭാവം നഷ്ടമായെന്നും സതീശൻ ചൂണ്ടിക്കാട്ടി.

എന്നാൽ പദ്ധതിയുടെ പ്രാധാന്യം പ്രതിപക്ഷം ആദ്യം മനസ്സിലാക്കണമെന്ന് ഐസക്ക് പറഞ്ഞു. 2000 മെഗാവാട്ടിന്റെ ഡി.സി ലൈൻ മാടക്കത്തറയിൽ നിന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലെത്തിക്കാൻ 400 കെ.വി ലൈൻ വലിക്കണം. നിലവിൽ കേരളത്തിൽ 220 കെ.വി. ലൈൻ മാത്രമാണുള്ളത്. ഇത് ശക്തിപ്പെടുത്തി അതിനു മുകളിലൂടെ 400 കെ.വി ലൈൻ വലിക്കാനാണ് പദ്ധതി. ഇതുവഴി സർക്കാരിന് 3000 കോടിയുടെ ലാഭമാണ് ഉണ്ടാവുക. പദ്ധതിയുടെ പുതുമ കണ്ട് 400 കോടി രൂപ കേന്ദ്രസർക്കാർ ഗ്രാന്റായി നൽകി. ഈ പദ്ധതിയെയാണ് അധിക ചെലവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആക്ഷേപിക്കുന്നതെന്നും ഐസക് കൂട്ടിച്ചേർത്തു.

ടാൻസ്ഗ്രിഡ് കരാറുമായി ബന്ധപ്പെട്ട് അഡിഷണൽ ചീഫ് സെക്രട്ടറി ആയിരിക്കെ കെ.എം. എബ്രഹാം ഇറക്കിയ ഉത്തരവിനെ ചൊല്ലിയായിരുന്നു ബഹളം. സർക്കാർ വകുപ്പുകൾ വഴി നടപ്പാക്കുന്ന പദ്ധതികളുടെ ടെണ്ടർ ചെലവ് 10 ശതമാനത്തിനു മുകളിലായാൽ റീടെണ്ടർ ചെയ്യണമെന്നായിരുന്നു ഉത്തരവ്. ഇത് കെ.എസ്.ഇ.ബിക്ക് ബാധകമല്ലെന്നും വകുപ്പുകൾക്കു മാത്രമാണ് ഉത്തരവ് ബാധകമാവുകയെന്നും വൈദ്യുതി മന്ത്റി എം.എം. മണി പറഞ്ഞു. എന്നാൽ ഉത്തരവ് കെ.എസ്.ഇ.ബിക്ക് ബാധകമാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്തരവ് സഹിതം വിശദീകരിച്ചു. മന്ത്റി നിയമസഭയെ തെ​റ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഭരണപക്ഷത്തിരിക്കുമ്പോഴും ഇത്തരം കരാറുകൾ നടന്നിട്ടുണ്ടെന്ന് ധനമന്ത്റി പറഞ്ഞതോടെയാണ് അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ആരോപണം അടിസ്ഥാനമുള്ളതാണെന്നും ആണത്തത്തോടെ എഴുതിക്കൊടുത്താണ് ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞതോടെ പ്രതിപക്ഷം സഭ വിട്ടു.