വക്കം: വക്കം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പാട്ട കൃഷി വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ ഭൂമിയിലെ വിളവെടുപ്പാണ് കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തത്. മൂന്ന് വർഷത്തിന് പട്ടത്തിലെടുത്ത കൃഷിഭൂമിയിൽ 31 തൊഴിലാളികളാണ് വിവിധ കൃഷികൾ ചെയ്തത്. പയർ, തക്കാളി, കത്തിരി, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾക്ക് പുറമേ ചേന, ചേമ്പ്, വാഴ തുടങ്ങിയ കൃഷികളും ചെയ്യുന്നുണ്ട്. ജൈവ രീതിയിൽ നടത്തിയ കൃഷിയിൽ നൂറുമേനിയുടെ വിളവാണ് ലഭിച്ചതെന്ന് വാർഡ് അംഗവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എൻ. ബിഷ്ണു പറഞ്ഞു. ഒന്നാം ഘട്ടത്തിലെ വിള വെടുപ്പ് ഏറെ സന്തോഷം തരുന്നതാണെന്ന് ചടങ്ങിൽ പങ്കെടുത്ത തൊഴിലാളികളും പറഞ്ഞു