cm
photo

തിരുവനന്തപുരം: ശബരിമലയിൽ പരിസ്ഥിതി സൗഹൃദ തീർത്ഥാടനത്തിന് സർക്കാർ നടപടി. തീർത്ഥാടന കാലത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തെക്കൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് ഒഴിവാക്കണമെന്നും, ഇതേക്കുറിച്ച് മറ്റു സംസ്ഥാനങ്ങൾ മാദ്ധ്യമങ്ങളിലൂ‌‌‌ടെ അറിയിപ്പ് നൽകണമെന്നും മസ്‌കറ്ര് ഹോട്ടലിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എരുമേലി അഴുതക്കടവ് വഴി വരുന്ന ഭക്തർ വൈകിട്ട് മൂന്നിനു മുമ്പ് വനമേഖല കടക്കണം. സുഗമമായ ദർശനത്തിന് ആവിഷ്‌കരിച്ച വെർച്വൽ ക്യൂ സംവിധാനം ഇതരസംസ്ഥാന തീർത്ഥാടകരും പ്രയോജനപ്പെടുത്തണം. സൗകര്യങ്ങളൊരുക്കാൻ ബഡ്‌ജറ്റിൽ അനുവദിച്ച 25 കോടി രൂപയ്ക്കു പുറമേ ആവശ്യമനുസരിച്ച് അധിക ഫണ്ട് നൽകും. പമ്പയിൽ വിവിധ സംസ്ഥാനങ്ങളുടെ സംയുക്ത കൺട്രോൾ റൂം വേണമെന്ന നിർദ്ദേശവും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

ശബരിമല പ്ലാസ്റ്റിക് മുക്ത മേഖലയാണ്. പ്ളാസ്റ്റിക് കുടിവെള്ള കുപ്പികൾ അനുവദിക്കില്ല. വാട്ടർ അതോറിട്ടി നൂറോളം വാട്ടർ കിയോസ്‌കുകൾ പ്രവർത്തിപ്പിക്കും. എരുമേലി, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിലും ഇത്തരം കിയോസ്‌കുകൾ ഉണ്ടാവും. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

പ്രളയത്തിൽ തകർന്ന പമ്പയിൽ സർക്കാർ അടിയന്തരപ്രാധാന്യത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് അനുവദിക്കില്ല. റോഡുകളിൽ മറ്റു ഭാഷകളിലുള്ള അടയാള ബോർഡുകളും പ്രധാന കേന്ദ്രങ്ങളിൽ ഇൻഫർമേഷൻ കൗണ്ടറുകളും സ്ഥാപിക്കണമെന്ന് ആന്ധ്ര എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവുവും, പുതുച്ചേരി കർഷകക്ഷേമ മന്ത്രി ആർ. കമലക്കണ്ണനും നിർദ്ദേശിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.