തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചു ലേഖനമെഴുതിയ ചീഫ് സെക്റട്ടറി ടോം ജോസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. സാധാരണക്കാർക്കുള്ള മനുഷ്യാവകാശം മാവോയിസ്റ്റുകൾക്കില്ലെന്നാണ് ലേഖനത്തിൽ വ്യക്തമാക്കുന്നത്. . കേരളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണോ..? ഇന്ത്യൻ പൗരന് ഭരണഘടന ബാധകമല്ലെന്ന് ചീഫ്സെക്രട്ടറിക്ക് പറയാനാവില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറിയുടെ ലേഖനം വായിച്ച ശേഷമേ അഭിപ്രായം പറയാൻ പറ്റൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റ് സാന്നിധ്യം മനസിലാക്കി പൊലിസ് റോന്തു ചുറ്റുമ്പോൾ പൊലിസ് സംഘത്തിനു നേരെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നു. സ്വയരക്ഷയ്ക്കായി പൊലിസ് തിരിച്ചുവെടിവച്ചു. . മാവോയിസ്റ്റുകൾ അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വെടിവച്ചുവെന്ന വാർത്തകളൊന്നും ശരിയല്ല. ഇത് ഇവിടെ മാത്രം തീരുന്നതല്ല- മുഖ്യമന്ത്രി പറഞ്ഞു.