img

വർക്കല: ആഹാരം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നു തീപടർന്നെങ്കിലും വീട്ടമ്മയുടെ അവസരോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി. കാപ്പിൽ കിഴക്കേവിളാകത്ത് റഹിയാബീവിയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ 6.30ഓടെയാണ് സംഭവം. അടുക്കളയിൽ പാചകത്തിനായി ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. റഹിയാബീവി ഉടൻതന്നെ ഗ്യാസ് സിലിണ്ടർ വീടിന് പുറത്തെറിയുകയും പൊട്ടിത്തെറിക്കാതിരിക്കാൻ വെള്ളം ഒഴിച്ച് തണുപ്പിക്കുകയും ചെയ്‌തു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വർക്കല ഫയർഫോഴ്സിലെ ജീവനക്കാരെത്തി തീകെടുത്തുകയായിരുന്നു. അവസരോചിതമായി ഇടപെട്ട് അപകടം ഒഴിവാക്കിയ വീട്ടമ്മയെ ഫയർഫോഴ്സ് അധികൃതർ അഭിനന്ദിച്ചു. റെയിൽവേ പാളത്തിന് സമീപത്തെ വീടായതിനാൽ ഫയർ എക്സ്റ്റിംഗ്യുഷറുമായി ചെന്നാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷൻ ഓഫീസറായ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ വിനോദ്‌കുമാർ, ഫയർമാന്മാരായ പ്രതീഷ്, യു.കെ. വിനോദ്, വിശാഖ്, ഹോം ഗാർഡ് ബിജു, ഡ്രൈവർ ഷൈജുപുത്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.