തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണത്തിനുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ലോക ബാങ്ക് അനുവദിച്ച 1780 കോടിയുടെ ആദ്യ ഗഡു സർക്കാർ വകമാറ്റിയെന്ന് ആരോപണം. ഈ തുക റീബിൽഡ് കേരള അക്കൗണ്ടിൽ വകയിരുത്തിയില്ലെന്നു കാട്ടി വി.ഡി. സതീശനാണ് നിയമസഭയിൽ ഇന്നലെ പ്രശ്നമുന്നയിച്ചത്. ഇങ്ങനെ ലഭിക്കുന്ന തുക അധിക ധനാനുമതിയായോ ഉപധനാഭ്യർത്ഥന വഴിയോ നൽകുന്നതാണ് പതിവെങ്കിൽ ഇവിടെ അതുണ്ടായിട്ടില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
എന്നാൽ, പണം വകമാറ്റിയിട്ടില്ലെന്നും ട്രഷറിയിലേക്ക് മാറ്റുകയാണ് ഉണ്ടായതെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. റീബിൽഡ് കേരളയിലേക്കുള്ള തുക അതിന്റെ ആവശ്യങ്ങൾക്ക് കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്നു നോക്കിയാൽ മതി. പ്രളയ പുനർനിർമ്മാണത്തിന് ബഡ്ജറ്റിൽ 1000 കോടി പ്രത്യേകം വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 152.67 കോടിയുടെ ഉപധനാഭ്യർത്ഥനകളാണ് സഭ ഇന്നലെ പാസാക്കിയത്.
ബഡ്ജറ്റിൽ വാർഷിക പദ്ധതിവിഹിതമായാണ് 1000 കോടി രൂപ പുനർനിർമ്മാണ പ്രവൃത്തികൾക്ക് നീക്കിവച്ചത്. ഇതിന് ലോകബാങ്ക് തുകയുമായി ബന്ധമില്ല. പദ്ധതി വിഹിതത്തിന്റെ ചെലവ് കണക്കുകൾ ബഡ്ജറ്റ് അലോക്കേഷൻ മോണിട്ടറിംഗ് സിസ്റ്റം എന്ന സോഫ്റ്റ്വെയറിലൂടെ ലഭ്യമാകേണ്ടതാണെങ്കിലും 1000 കോടിയുടെ ചെലവു കണക്ക് ഇതുവരെ വന്നിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിപക്ഷ ആരോപണം
ലോകബാങ്കിന്റേതടക്കം കേന്ദ്രവിഹിതമായി ലഭിക്കുന്ന പണം 6004 എന്ന നമ്പരിലുള്ള പ്രത്യേക ശീർഷകത്തിലാണ് വക കൊള്ളിക്കാറുള്ളതെന്നും എന്നാലിവിടെ അതുണ്ടായില്ലെന്നുമാണ് പ്രതിപക്ഷവാദം. ലോകബാങ്കിന്റെ ധനസഹായം റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വഴിയാണ് സംസ്ഥാനസർക്കാരിന് കൈമാറിക്കിട്ടുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രവിഹിതമായി കൈമാറിക്കിട്ടുന്ന തുക അധിക ധനാനുമതിയിലൂടെയോ ഉപധനാഭ്യർത്ഥന വഴിയോ ബന്ധപ്പെട്ട നിർവഹണ ഏജൻസിക്ക് കൈമാറേണ്ടതാണ്. ധനവകുപ്പിലെ ബഡ്ജറ്റ്- രഹസ്യ വിഭാഗത്തിലേക്കും നിർവഹണ ഏജൻസിയായ റീബിൽഡ് കേരളയിലേക്കും റിസർവ് ബാങ്കിൽ നിന്നുള്ള കൈമാറ്റരസീതിന്റെ പകർപ്പ് പോകും. അതനുസരിച്ച് ഒന്നുകിൽ റീബിൽഡ് കേരള അധികൃതർ ഈ തുക കൈമാറിക്കിട്ടുന്നതിനുള്ള അപേക്ഷ ധനവകുപ്പിന് നൽകണം. അല്ലെങ്കിൽ ധനവകുപ്പ് സ്വമേധയാ കൈമാറണം. ഇവിടെ ഇത് രണ്ടുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കൂടാതെ ട്രഷറിയിലെ ഇപ്പോഴത്തെ ശരാശരി നീക്കിയിരിപ്പ് 600- 700 കോടി എന്ന നിലയിലാണെന്നത് കൊണ്ടുതന്നെ ലോകബാങ്ക് സഹായം വകമാറ്റിയെന്ന് ഉറപ്പാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു