fake-pragnency

സിഡ്നി: ലഗേജിന്റെ ഭാരംകുറച്ച് വിമാനത്താവളഅധികൃതരെ പറ്റിക്കാൻ പലരും വഴികൾ പലതുനോക്കാറുണ്ട്. ഇൗ സൂത്രപ്പണികൾ മിക്കതും മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്. പക്ഷേ, ഇൗ അതിബുദ്ധി പ്രമുഖ ട്രാവൽ ബ്ലോഗറായ റെബേക്ക ആൻഡ്രൂസിന് പാരയായി. പിടിക്കപ്പെട്ടുവെന്ന് മാത്രമല്ല വൻതുക പിഴയും അടയ്ക്കേണ്ടിവന്നു.

ഗർഭിണിയായി അഭിനയിച്ചായിരുന്നു റെബേക്കയുടെ യാത്ര. ഒപ്പം കൊണ്ടുപോകുന്ന പെട്ടിയിൽ വയ്ക്കാൻ കഴിയാത്ത സാധനങ്ങൾ ഒരു തുണിയിൽ ചുരുട്ടി വയറിന്റെ ഭാഗത്തുവച്ചു. ലാപ്ടോപ് പുറത്തും വച്ചുകെട്ടി.അതിനു ശേഷം ഒരു വലിയ ജാക്കറ്റും ധരിച്ചു. കണ്ടാൽ അസൽ ഗർഭിണി തന്നെ. അത്രയ്ക്ക് കുറുകൃത്യമായിരുന്നു എല്ലാം.
പക്ഷേ, വിമാനത്താവളത്തിനുള്ളിൽവച്ച് പാന്റിന്റെ പുറകിലെ പോക്കറ്റിൽ നിന്ന് ടിക്കറ്റെടുക്കാൻ ശ്രമിച്ചതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.ജാക്കറ്റ് പൊക്കിയതോടെ പുറികലൊളിപ്പിച്ചിരുന്ന ലാപ്ടോപ്പ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടു. പിടിക്കപ്പെട്ടതോടെ അധികമുള്ള ലഗേജിന് പിഴ അടക്കേണ്ടിവന്നു. ഒപ്പം പറ്റിക്കാൻ ശ്രമിച്ചതിന് കണക്കിന് കിട്ടുകയും ചെയ്തു.
ട്രാവൽ ബ്ലോഗർ കൂടിയായ റെബേക്ക ആൻഡ്രൂസ് താൻ വ്യാജഗർഭമുണ്ടാക്കിയതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ട്രാവൽ വെബ്സൈറ്റായ എസ്കേപ്പിനു വേണ്ടിയാണ് വ്യാജഗർഭമുണ്ടാക്കിയതിന്റെ വിവിധ ഘട്ടങ്ങൾ അവർ ചിത്രീകരിച്ചത്.ഇൗ വീഡിയോ മാരക വൈറലാണ്.