തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലാണെന്നും നികുതി - നികുതിയേതര വരുമാനം ഇടിഞ്ഞതിനാൽ പദ്ധതിവിഹിതം 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിയാണെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ബഡ്ജറ്റിലെ പദ്ധതികൾക്കായി വകയിരുത്തിയതിൽ 19,463 കോടി രൂപയുടെ കുറവുണ്ട്. മുൻഗണന നിശ്ചയിച്ച് പദ്ധതികൾ പുനഃക്രമീകരിക്കാൻ വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉപധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നുള്ള വായ്പയിൽ ഈ വർഷം 6,645 കോടി വെട്ടിക്കുറച്ചു. നികുതി ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയിൽ 5,370 കോടിയുടെ കുറവുണ്ട്. സംസ്ഥാനത്തെ നികുതി ഇനത്തിലെ ഇടിവ് 5,623 കോടിയാണ്. നികുതിയേതര വരുമാനത്തിൽ 1825 കോടിയുടെ ഇടിവുമുണ്ടായി. എന്നാൽ ക്ഷേമപദ്ധതികളെയും അടിസ്ഥാന ചെലവുകളെയും ഇത് ബാധിക്കില്ല.
ജി.എസ്.ടി വരുമാനം 30 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല. നികുതി വകുപ്പിന്റെ ചില പോരായ്മകളും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. മോട്ടോർവാഹന നികുതി ആറ് ശതമാനം കുറഞ്ഞതായും ഐസക് ചൂണ്ടിക്കാട്ടി.