തിരുവനന്തപുരം: വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂലിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തന്നെ സന്ദർശിച്ചപ്പോൾ കുട്ടികളുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണ ആവശ്യം അറിയിച്ചിരുന്നു. കേസിൽ കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടരന്വേഷണത്തിൽ സർക്കാരിന് ഏകപക്ഷീയ നിലപാട് സാദ്ധ്യമല്ല. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്റി പറഞ്ഞു.
നേരത്തേ അവതരിപ്പിച്ച കാര്യമായതിനാൽ വാളയാർ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. സി.പി.എം അംഗം കൂടിയായ ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ കേസ് അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു വി.ടി. ബൽറാമിന്റെ നോട്ടീസ്. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലെത്തി മുദ്റാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് വാക്കൗട്ട് നടത്തി. എന്നാൽ, ശൂന്യവേളയുടെ അവസാനം വിഷയം സബ്മിഷനായി അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.
വാളയാർ കേസിൽ പ്രതികളുടെ അഭിഭാഷകനായിരുന്ന രാജേഷിനെ ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് പൂർണമായി നീക്കിയിട്ടില്ലെന്ന് ബൽറാം ആരോപിച്ചു. 'അരിവാൾ പാർട്ടി'യുടെ ഇടപെടലിനു ശേഷമാണു കേസ് അട്ടിമറിക്കപ്പെട്ടതെന്ന ആരോപണത്തിൽ മാതാപിതാക്കൾ ഉറച്ചു നിൽക്കുകയാണെന്നും ബൽറാം പറഞ്ഞു. ഇതോടെ ഭരണപക്ഷത്തു നിന്ന് ചില അംഗങ്ങൾ എതിർപ്പുമായി എഴുന്നേറ്റു. ഭരണ- പ്രതിപക്ഷ വാക്‌പോരിൽ സഭ ശബ്ദമുഖരിതമായി. പ്രതിയുടെ സുഹൃത്ത് ജോൺ പ്രവീൺ ആത്മഹത്യ ചെയ്തതിനു പിന്നിൽ പൊലീസിന്റെ ക്രൂരമർദ്ദനമാണെന്ന് ബൽറാം ആരോപിച്ചതിന്, കൂട്ടുകാരൻ അറസ്റ്റിലായ സാഹചര്യത്തിൽ താനും പ്രതിയാക്കപ്പെടുമോ എന്നു ഭയന്നാണ് ജോൺ പ്രവീൺ ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്റി മറുപടി നൽകി. ശിശുക്ഷേമ സമിതി അംഗങ്ങളെ ചട്ടമനുസരിച്ചേ നിയമിക്കൂ എന്നും മുഖ്യമന്ത്റി പറഞ്ഞു.