വിതുര: കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ കാടിറങ്ങുന്ന കാട്ടുപോത്തുകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വിതുര, തൊളിക്കോട്, പെരിങ്ങമ്മല, ആര്യനാട് പഞ്ചായത്തു പ്രദേശങ്ങളിലാണ് കാട്ടുപോത്തുകൾ ഭീഷണി ഉയർത്തുന്നത്. മുൻപ് ബോണക്കാട് മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു തൊഴിലാളി മരിച്ചിരുന്നു. കല്ലാർ, പേപ്പാറ, ജഴ്സിഫാം, ചിറ്റാർ മേഖലകളിലായി നാല് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്. പകൽ സമയത്ത് പോലും കാട്ടുപോത്തുകൾ വിഹരിക്കുന്നതായാണ് നാട്ടുകാർ നൽകുന്ന വിവരം. ആദിവാസിമേഖലയിൽ നിന്നു സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായി. ഇതോടെ രക്ഷാകർത്താക്കളും ഭീതിയിലാണ്. ആക്രമണത്തിൽ നിന്ന് കുട്ടികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം നേരിടുന്നത്. കാട് വിട്ട് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ എസ്റ്റേറ്റുകളിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. നേരത്തെ ആനപ്പാറ ചിറ്റാറിന് സമീപം തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. അന്ന് തൊഴിലാളികൾ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടിട്ടും അനവധി പേർ ആക്രമണത്തിന് വിധേയരായിട്ടും വനപാലകർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു:
ഭീതിയോടെ ഗ്രാമവാസികൾ
വിതുര:പൊൻമുടി-വിതുര റോഡിൽ വിതുര മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള റബർ എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ആനപ്പാറ ചിറ്റാർ റോഡരികത്ത് വീട്ടിൽ വിശ്വാസിയുടെ ഭാര്യ ഇന്ദിരാമ്മയ്ക്കാണ് (60) പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. കാട്ടുപോത്തിന്റെ കുത്തേറ്റ് ഇന്ദിരാമ്മയുടെ കൈ ഒടിഞ്ഞു. ഇവരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റ് മേഖലയിൽ അനവധി കാട്ടുപോത്തുകൾ തമ്പടിച്ചിട്ടുണ്ട്.
പകൽ സമയത്ത് പ്രമുഖ ജംഗ്ഷനടുത്ത് കാട്ടുപോത്ത് എത്തിയത് ജനത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
പകൽ സമയത്തും വന്യജീവികൾ വിഹരിക്കുന്നു
കാട്ടുപോത്ത്, പന്നി, കുരങ്ങ് എന്നിവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ഇവ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുകയാണ്. മുൻപൊക്കെ രാത്രിയിൽ മാത്രമായിരുന്നു ഇവയുടെ വിഹാരമെങ്കിൽ ഇപ്പോൾ പട്ടാപ്പകലും ഇവ സ്വൈര്യവിഹാരം നടത്തുകയാണ്. അതിനാൽ റബർ ടാപ്പിംഗ് തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും വളരെ ഭീതിയോടെയാണ് ജോലിയിലേർപ്പെടുന്നത്. വെളുപ്പിന് റബർ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾക്ക് നേരേ പരക്കെ ആക്രമണമുണ്ടായ സാഹചര്യത്തിൽ ജോലിക്കിറങ്ങാൻ മടിക്കുകയാണ് ഇവർ.
കൃഷി അന്യമായി
കാട്ടാനയും പന്നിയും കാട്ടുപോത്തും കുരങ്ങും നാട്ടിൽ തമ്പടിച്ചതോടെ മലയോര മേഖലയിൽ കൃഷി അന്യമായി മാറിയെന്നാണ് കർഷകരുടെ പരാതി. ഉപജീവനത്തിനായി കൃഷി ഇറക്കിയിരുന്ന മരച്ചീനിയും പച്ചക്കറിയും വാഴയും മറ്റും വ്യാപകമായി നശിപ്പിക്കുകയാണ് പതിവ്. ഇതോടെ മിക്ക കർഷകരും കൃഷിയിൽ നിന്നു പിൻമാറി. മാത്രമല്ല കർഷകർക്ക് കനത്ത നഷ്ടവുമുണ്ട്. ബാങ്കിൽ നിന്നു ലോണെടുത്ത് കൃഷി ഇറക്കിയവർ കാട്ടുമൃഗശല്യത്താൽ പൊറുതിമുട്ടുകയാണ്.