വർക്കല: പ്രാദേശിക എഴുത്തുകാരുടെ കൂട്ടായ്മയായ 'മൊഴി'യുടെ കാവ്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുളള അവാർഡ് പ്രൊഫ. കുമ്മിൾ സുകുമാരനും നോവൽ സാഹിത്യ മേഖലയിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഉദയകുമാറിനും നിരൂപണ സാഹിത്യത്തിൽ മുരളീകൃഷ്ണനും നൽകും. 9ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന മൊഴി കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷ ചടങ്ങിൽ കാനായി കുഞ്ഞുരാമൻ അവാർഡ് വിതരണം ചെയ്യും. മുല്ലക്കര രത്നാകരൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സെയ്ഫുദ്ദീൻ കല്ലമ്പലം അദ്ധ്യക്ഷത വഹിക്കും. മൊഴി പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണങ്ങളുടെ റോയൽറ്റി വിതരണം ജി.എസ്.പ്രദീപ് നിർവഹിക്കും. 'ആവിഷ്കാര സ്വാതന്ത്റ്യവും ഇന്ത്യൻ എഴുത്തുകാരും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ. ബി.ഭുവനേന്ദ്രൻ വിഷയം അവതരിപ്പിക്കും. ടി.പി.ശാസ്തമംഗലം, കാര്യവട്ടം ശ്രീകണ്ഠൻനായർ, എ.വി.ബാഹുലേയൻ, മുരളീകൃഷ്ണൻ, സുനിൽ വെട്ടിയറ, രാമചന്ദ്രൻ കരവാരം, രാജേന്ദ്രൻ നിയതി, താജുദ്ദീൻ കടയ്ക്കൽ, കെ.രാജചന്ദ്രൻ, സദാശിവൻ പൂവത്തൂർ, ഓരനല്ലൂർ ബാബു, പേരൂർ സത്താർ, ഉബൈദ് കല്ലമ്പലം, കിളിമാനൂർ ആനന്ദൻ, മടവൂർ സലിം, ഉദയകുമാർ, ഗേളിഷാഹിദ് തുടങ്ങിയവർ സംസാരിക്കും.