plastic

കിളിമാനൂർ: നാട്ടിലെങ്ങും പ്ലാസ്റ്റിക് മാലിന്യം വർദ്ധിക്കുമ്പോൾ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനെ നോക്കുകുത്തിയാക്കി പഞ്ചായത്തുകൾ. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നാവായിക്കുളം ഒഴികെയുള്ള പഞ്ചായത്തുകൾക്കായി (നാവായികുളം പഞ്ചായത്തിന് സ്വന്തമായി സംസ്കരണ പ്ലാന്റ് നിർമ്മിക്കും എന്ന് പറഞ്ഞിരുന്നു) ബ്ലോക്കിൽ സ്ഥാപിച്ച സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക് എത്തിക്കുന്നതിൽ വിമുഖത കാട്ടുകയാണ് മിക്ക പഞ്ചായത്തുകളും. കിളിമാനൂർ, കരവാരം പഞ്ചായത്തുകൾ കൃത്യമായി മാലിന്യങ്ങൾ എത്തിക്കുമ്പോൾ മറ്റ് പഞ്ചായത്തുകളിലെ മാലിന്യ സംഭരണ ശാലകൾ നിറഞ്ഞിരിക്കുകയാണ്. ഇത് തരം തിരിച്ച് യഥാസമയം ബ്ലോക്കിൽ എത്തിക്കുന്നതും ഇല്ല. ഓരോ പഞ്ചായത്തുകളും വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനയെ നിയോഗിക്കുകയും പ്രാരംഭ ഘട്ടത്തിൽ ഇവർ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തുകളിലെ സംഭരണ ശാലകളിൽ എത്തിച്ച് തരംതിരിച്ച് ബോക്ക് പഞ്ചായത്തിലെ സംസ്കരണ ശാലകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ നിലവിൽ പഴയകുന്നുമ്മൽ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ സംഭരണ ശാലകളിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഇവ തരം തിരിക്കാനോ ബ്ലോക്കിൽ എത്തിക്കാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സംഭരണ ശാലകളിൽ സ്ഥലമില്ലാത്തതിനാൽ വീടുകളിൽ നിന്നുള്ള ശേഖരണവും നിറുത്തിവച്ചിരിക്കുകയാണ്. ഇത് കാരണം വീടുകളും പൊതുനിരത്തുകളും പ്ലാസ്റ്റിക് നിറയുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരെയും, മറ്റ് ഉദ്യോഗസ്ഥരെയും ഇത് സംബന്ധിച്ച് മീറ്റിംഗുകൾക്ക് വിളിച്ചാൽ ബ്ലോക്കിൽ എത്താറില്ലെന്ന് ബ്ലോക്ക് അധികൃതരും പറയുന്നു.