sreepadmnbha

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് തമിഴ്നാട് സർക്കാരിൽ നിന്ന് ലഭിക്കേണ്ട തസ്ദിക് അലവൻസ് തുക കൈമാറി. കഴിഞ്ഞ 8 വർഷമായി നൽകേണ്ട കുടിശികയും പുതുക്കിയ അലവൻസുമടക്കം 1,67,20,225 രൂപയാണ് നൽകിയത്. കന്യാകുമാരി ജില്ലാ വിഭജനത്തെ തുടർന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സ്വന്തമായ പണ്ടാരം വക വസ്തുക്കൾ തമിഴ്നാട് സർക്കാർ ഏറ്റെടുത്തിരുന്നു. ഈ ഭൂമികളിൽ കൃഷി ചെയ്യുന്നവരിൽ നിന്നും പാട്ടക്കാരിൽ നിന്നും സർക്കാരിന് ലഭിക്കുന്ന തുകയുടെ നിശ്ചിതവിഹിതമാണ് നഷ്ടപരിഹാരമെന്ന നിലയിൽ അലവൻസായി നൽകുന്നത്. ദീർഘകാലത്തെ കുടിശിക കിട്ടാൻ ക്ഷേത്രത്തിൽ നിന്നു തമിഴ്നാട് സർക്കാരിലേക്ക് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തുക അനുവദിച്ച് ഉത്തരവായത്. ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുകയുടെ ചെക്ക് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശന് കൈമാറി. തമിഴ്നാട് റവന്യൂമന്ത്രി ആർ. ഉദയകുമാർ, ചീഫ് സെക്രട്ടറി കെ. ഷണ്മുഖം, ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.