
വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ഇടവാൽ, മൈലച്ചൽ, മുക്കോലവിള വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുമ്പക്കാവ് ചിറത്തലയ്ക്കൽ മരുതറവിളാകം റോഡ് പൊട്ടിപ്പൊളിഞ്ഞ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വെള്ളാങ്ങൽ - കരിക്കറത്തല റോഡ് ഉണ്ടാകുന്നതിനുമുമ്പ് മൈലച്ചൽ നിവാസികൾ ഒറ്റശേഖരമംഗലത്ത് പോകാൻ ഉപയോഗിച്ചിരുന്ന ഏക ഇടറോഡാണ് വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാതെ നശിച്ചു കിടക്കുന്നത്. നിരവധി തവണ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. റോഡ് നന്നാക്കിയാൽ നൂറുകണക്കിന് നാട്ടുകാർക്ക് എളുപ്പത്തിൽ ഒറ്റശേഖരമംഗലത്ത് എത്താൻ കഴിയും. റോഡ് തകർന്നതോടെ മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.