vikram

തിരുവനന്തപുരം: മലയാള സിനിമ ചെയ്യുന്ന കാര്യം ചർച്ചയിലുണ്ടെന്നും ഇപ്പോൾ കരാറിലുള്ളവ പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്നും തമിഴ് നടൻ വിക്രം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ മകൻ ധ്രുവ് വിക്രം ആദ്യമായി നായകനാകുന്ന 'ആദിത്യവർമ്മ" എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നീണ്ടുപോയതാണ് മലയാളത്തിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിച്ചത്. ഇതേ സമയത്ത് ലോംഗ് ഷെഡ്യൂളിൽ പൂർത്തിയാക്കേണ്ട മൂന്ന് തമിഴ് സിനിമകളിൽ കരാറായി. ഇവ പൂർത്തിയാക്കിയ ശേഷം കർണനിൽ ജോയിൻ ചെയ്യും. മകൻ ആദ്യമായി അഭിനയിക്കുകയാണെന്ന ആകാംക്ഷയിലാണ്. അവനെ ആദ്യമായി സ്‌കൂളിൽ പറഞ്ഞയക്കുമ്പോഴും ചെറിയ കുട്ടിയായിരിക്കുമ്പോൾ മത്സരത്തിൽ പങ്കെടുക്കുമ്പോഴുമൊക്കെ അച്ഛൻ എന്ന നിലയിലുണ്ടായിരുന്ന ടെൻഷൻ അനുഭവിക്കുകയാണിപ്പോൾ. നിർമ്മാതാവ് മുകേഷ് മേത്തയ്ക്കാണ് ധ്രുവിന് റോൾ കിട്ടിയതിലെ ക്രെഡിറ്റ്. ഇത്ര ഹെവിയായ റോൾ ചെറുപ്രായത്തിൽ ധ്രുവിന് അഭിനയിച്ചു ഫലിപ്പിക്കാനാകുമോ എന്ന് ടെൻഷനുണ്ടായിരുന്നു. പക്ഷേ അവൻ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഷൂട്ട് മുതൽ ഡബ്ബിംഗ് വരെ ധ്രുവിനോടൊപ്പമുണ്ടായിരുന്നെന്നും വിക്രം പറഞ്ഞു.
ഷൂട്ട് സമയത്ത് അച്ഛന്റെ സാന്നിദ്ധ്യം വലിയ ധൈര്യം തന്നെന്ന് ധ്രുവ് പറഞ്ഞു. വിക്രമെന്ന വലിയ നടന്റെ ആരാധകനാണ് താനും. അച്ഛന്റെ പേര് ഒരിക്കലും ദുരുപയോഗം ചെയ്യില്ല. സിനിമ എല്ലാവർക്കും ഇഷ്ടമാകുമെന്നാണ് വിശ്വാസമെന്നും ധ്രുവ് പറഞ്ഞു. ആദിത്യവർമ്മയിലെ നായിക പ്രിയ ആനന്ദും മീറ്റ് ദ പ്രസിൽ പങ്കെടുത്തു. പ്രസ് ക്ളബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് ചിത്രം അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ആദിത്യവർമ്മ. എട്ടിന് തിയേറ്ററുകളിലെത്തും.