തിരുവനന്തപുരം: കോഴിക്കോട്ട് രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ സർക്കാരിന് മുറുകെ പിടിക്കാനുള്ളത് നിയമവ്യവസ്ഥയും ജനതാല്പര്യവുമാണെന്ന് സി.പി.എം മുഖപത്രം
. ലഘുലേഖ കണ്ടെടുത്തതിനും ആശയ പ്രചരണം നടത്തിയതിനും യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന മുഖപത്രം, ഇക്കാര്യത്തിൽ കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും കുറ്റപ്പെടുത്തുന്നു. ഒരു തരത്തിലുള്ള നീതിനിഷേധത്തിനും കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മാവോയിസ്റ്റ് വേട്ടയിൽ സി.പി.ഐ നിലപാടിനെതിരെയും ഒളിയമ്പെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവൽക്കരിച്ച് പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം ആർക്കാണ് ഗുണം ചെയ്യുകയെന്ന് മുഖപത്രം ചോദിക്കുന്നു. 'ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ളതാണ്. എന്നാൽ, കേരളത്തിലെ പ്രതിപക്ഷകക്ഷികൾ നിർഭാഗ്യവശാൽ ജനവിരുദ്ധസമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നത്. രാജ്യദ്രോഹവും ഭീകരപ്രവർത്തനവും ആരോപിച്ച് പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയെ ഒരിക്കലും കുറച്ചു കാണേണ്ടതില്ല. ഗൂഢാലോചനക്കേസുകൾ ചുമത്തിയും ചൈനീസ് ചാരന്മാരെന്ന് ആരോപിച്ചും കമ്മ്യൂണിസ്‌റ്റുകാരെയാണ് ഏറ്റവുമധികം വേട്ടയാടിയത്. അടിയന്തരാവസ്ഥക്കാലത്തും എല്ലാ പൗരാവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടു'- മുഖപത്രം പറയുന്നു.