
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളിൽ സംശയങ്ങളുടെ കുരുക്കഴിക്കാൻ പൊലീസ് ശാസ്ത്രീയ പരീക്ഷണങ്ങളിലേക്ക്. ജയമാധവൻ നായരുടെ മരണകാരണം തെളിയിക്കാൻ ഡമ്മി പരീക്ഷണത്തിന് ഉൾപ്പെടെ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. വീടിന്റെ കട്ടിളപ്പടിയിൽ തട്ടി തലയിടിച്ച് വീണ് മരിച്ചുവെന്നാണ് മൊഴി. തലയ്ക്ക് ക്ഷതമേറ്റിരുന്നതായി രാസപരിശോധനാ ഫലത്തിലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണത്തിനുള്ള ഒരുക്കം. കട്ടിലിൽ നിന്ന് ഉറക്കത്തിലോ അല്ലാതെയോ വീഴാനുള്ള സാദ്ധ്യതകൾ മുൻനിറുത്തിയുള്ള പരിശോധനകൾക്കാണ് ഇത്. കതക് തുറക്കുമ്പോഴോ മറ്റോ വീണതാണോ എന്ന് അറിയാൻ കട്ടിളപ്പടിക്കു സമീപവും ഡമ്മി പരിശോധന നടത്തും.
ഉത്തരം കിട്ടാൻ 10 ചോദ്യങ്ങൾ
1. ജയമാധവനെ അബോധാവസ്ഥയിൽ കണ്ടെത്തിയത് അയൽക്കാരെയും ബന്ധുക്കളെയും അറിയിക്കാതിരുന്നതെന്ത്?
2. വീട്ടുമുറ്രത്ത് അയൽവാസിയുടെ വാഹനം ഉണ്ടായിരുന്നിട്ടും ദൂരെനിന്ന് വാഹനം വരുത്തിയത് എന്തിന്?
3. കൂടത്തിൽ വീടിന്റെ വാതിൽ അടയ്ക്കാറില്ലെന്ന മൊഴികൾ സത്യമാണോ?
4. ജയമാധവന്റെയും നേരത്തേ മരിച്ച ജയപ്രകാശിന്റെയും മരണങ്ങൾ സംബന്ധിച്ച മൊഴികളിലെ സമാനത എങ്ങനെയുണ്ടായി?
5. തറയിൽ കമിഴ്ന്നു കിടന്ന ജയമാധവനെ തനിച്ച് പൊക്കിയെടുത്ത് കട്ടിലിൽ കിടത്തിയെന്ന കാര്യസ്ഥന്റെ മൊഴി സത്യമോ?
6. ജയമാധവനുമായി ആശുപത്രിയിലേക്ക് ആട്ടോയിൽ പോയ സമയവും ആശുപത്രിയിലെത്തിയതും മരണം സ്ഥിരീകരിച്ച സമയവും തമ്മിലുള്ള പൊരുത്തക്കേട് എങ്ങനെയുണ്ടായി?
7. ജയമാധവന്റെ ശരീരത്തിൽ മുറിവുണ്ടായിട്ടും രക്തം വാർന്നതോ മുറിയിൽ രക്തമുണ്ടായിരുന്നതോ മൊഴിയിൽ പരാമർശിക്കാതിരുന്നതെന്ത്?
8. ജയമാധവന്റെ വസ്ത്രങ്ങളും ചികിത്സാ രേഖകളും മരുന്നും നശിപ്പിച്ചത് തെളിവു നശിപ്പിക്കാനോ?
9. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ കൊണ്ടുപോകാൻ ശ്രമിച്ചതും കൂടത്തിൽ വീട്ടിൽ സംസ്കരിക്കാതിരുന്നതും എന്തിന്?
10. സംശയിക്കപ്പെടുന്നവർ പൊലീസിന് നാലു തവണ നൽകിയ മൊഴികളിലെ വൈരുദ്ധ്യം എങ്ങനെയുണ്ടായി?