pocso

തിരുവനന്തപുരം: കുട്ടികൾ പീഡനത്തിന് ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കാൻ മുഖ്യമന്ത്റി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി- പട്ടികവർഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ സമിതിയിൽ അംഗങ്ങളായിരിക്കും. രണ്ടു മാസത്തിലൊരിക്കൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.

പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൂടുതൽ പോക്‌സോ കോടതികൾ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതിയുമായി വരുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അവരോട് മനഃശാസ്ത്രപരമായ സമീപനം വേണം. എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്റി നിർദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്ക് ലഭിക്കണം. ഇതിനായി കൗൺസിലർമാർക്ക് പരിശീലനവും നിയമബോധവത്കരണവും നൽകാനും യോഗം തീരുമാനിച്ചു. ലൈംഗികതയെപ്പ​റ്റി സമൂഹത്തിൽ തെ​റ്റായ ധാരണകളുണ്ട്. പാഠ്യപദ്ധതിയിലൂടെ കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകണം.

സ്‌കൂൾ പരിസരത്ത് ലഹരി വില്പന കർശനമായി തടയണം. ഇതിന് പൊലീസ്, എക്‌സൈസ് വകുപ്പുകൾ കർക്കശമായി ഇടപെടണം. കുട്ടികൾക്കെതിരായ സൈബർ കു​റ്റകൃത്യങ്ങൾ തടയാനും അന്വേഷിക്കുന്നതിനും സൈബർ ഫോറൻസിക് ലബോറട്ടറി ശക്തിപ്പെടുത്തും.

അമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകൾ ഉണ്ട്. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി സംരക്ഷിക്കണം. പൊലീസും സാമൂഹ്യനീതി വകുപ്പും യോജിച്ച് ഈ പ്രശ്‌നം കൈകാര്യം ചെയ്യണം.

കുട്ടികൾക്കെതിരായ കു​റ്റകൃത്യങ്ങൾ തടയാൻ മാതാപിതാക്കളെയും ബോധവത്കരിക്കണം. ഇതിന് അദ്ധ്യാപക - രക്ഷാകർത്തൃസമിതി യോഗങ്ങൾ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പൊലീസ് സ്​റ്റേഷനിലും ചൈൽഡ് വെൽഫെയർ ഓഫീസർമാർ ഉണ്ട്. അവർ സ്‌കൂളുകളുമായി നിരന്തര ബന്ധം പുലർത്തുന്നത് കു​റ്റകൃത്യം തടയാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്റിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും

പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.