തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ ചീഫ്സെക്രട്ടറി ടോം ജോസിന്റെ ലേഖനം. സായുധ ഏറ്റുമുട്ടൽ നടത്തുന്ന മാവോയിസ്റ്റുകൾ സാധാരണപൗരന്മാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും അർഹരാണെന്ന വാദം യുക്തിക്ക് നിരക്കാത്തതാണെന്നാണ് ലേഖനത്തിന്റെ കാതൽ. മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത സി.പി.ഐ, ലേഖനത്തിന്റെ പേരിൽ ചീഫ്സെക്രട്ടറിയെ വിമർശിച്ച് രംഗത്തെത്തി.
ചീഫ് സെക്രട്ടറിയുടെ ലേഖനം പരാമർശിച്ച്, കേരളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. എന്നാൽ ലേഖനം താൻ കണ്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പൗരന്റെ ജീവനും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഭരണഘടനയിലെ 21ാം അനുച്ഛേദം ഒരു വിഭാഗത്തിന് ബാധകമല്ലെന്ന് ചീഫ്സെക്രട്ടറി സൂചിപ്പിക്കുന്നത് സർക്കാർ നയമാണോ എന്ന ചോദ്യമാണ് പ്രതിപക്ഷത്തിന്റേത്. സാങ്കേതിക കാര്യങ്ങൾ മാത്രം ഉന്നയിക്കുന്ന ലേഖനത്തിൽ അപാകതകളില്ലെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്തിയാലും പൗരാവകാശത്തെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരിന് ഇതിനോട് യോജിക്കാനാവുമോ എന്ന ചോദ്യം ശക്തമാണ്. ഇതിനോട് സർക്കാർ സമീപനം എന്താകുമെന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ചീഫ് സെക്രട്ടറിയെ സർക്കാർ തള്ളിപ്പറഞ്ഞാൽ അദ്ദേഹം വിശദീകരണം നൽകേണ്ടിവരും.
മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമാണ് ചീഫ്സെക്രട്ടറി വാദിക്കുന്നത്. ജനാധിപത്യ സർക്കാരിനെ സായുധവിപ്ലവത്തിലൂടെ അട്ടിമറിച്ച് 2050- ഓടെ രാജ്യത്തെ നിയന്ത്രണത്തിലാക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. അയൽസംസ്ഥാനങ്ങളിൽ കാര്യങ്ങൾ ദുഷ്കരമായതോടെ സുരക്ഷിത സ്ഥലമായി കേരളത്തെയാണ് മാവോയിസ്റ്റുകൾ ഉപയോഗിക്കുന്നത്. സുരക്ഷാഭടന്മാർ നടപ്പാക്കിയത് അവരുടെ കർത്തവ്യമാണ്. ഭീകരപ്രവർത്തകരോട് അനുഭാവം പ്രകടിപ്പിക്കുന്ന നഗരമേഖലകളിലെ 16 സംഘടനകളെ ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ ലേഖനം ചൂണ്ടിക്കാട്ടുന്നു.
ചീഫ്സെക്രട്ടറിയാണോ കേരളം ഭരിക്കുന്നത് എന്നാണ് ഇന്നലെ സി.പി.ഐ നേതാക്കൾ ചോദിച്ചത്. ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയനേതൃത്വം ഇടപെടണമെന്നും, ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വത്തിനു മേലെ പ്രവർത്തിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു പറഞ്ഞു.