തിരുവനന്തപുരം: മൃഗശാലയിലെ പ്രദർശനക്കൂട്ടിലുള്ള അനാക്കോണ്ടകളിൽ ഒരെണ്ണം കൂടി ചത്തു. ഒൻപതര വയസുള്ള ഗംഗ എന്ന അനാക്കോണ്ടയാണ് ഇന്നലെ ചത്തത്. കുടലിലെ രക്തസ്രാവമാണ് 2.75 മീറ്റർ നീളവും 14 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ഗംഗയുടെ മരണത്തിന് കാരണമെന്ന് മൃഗശാല അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൃഗശാലയിൽ ചാകുന്ന മൂന്നാമത്തെ അനാക്കോണ്ടയാണിത്. തിങ്കളാഴ്ച വൈകിട്ട് ജീവനക്കാരൻ കൂട്ടിലെത്തിയപ്പോഴാണ് അനാക്കോണ്ട അസ്വസ്ഥതകൾ കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അധികൃതരെ വിവരം അറിയിച്ചെങ്കിലും അവരെത്തുന്നതിന് മുൻപേ ചത്തു. പാലോട് സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. കൂടുതൽ പരിശോധനകൾക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡിസീസിലേക്ക് അയച്ചിട്ടുണ്ട്. 2014ൽ ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയിൽ നിന്നാണ് ഗംഗയടക്കമുള്ള ഏഴ് അനാക്കോണ്ടകളെ എത്തിച്ചത്. ആഗസ്റ്റിൽ രണ്ടാഴ്ചക്കിടെ രണ്ട് അനാക്കോണ്ടകൾ ഇവിടെ ചത്തിരുന്നു. ഇപ്പോൾ നാല് പെൺ അനാക്കോണ്ടകളാണ് മൃഗശാലയിൽ അവശേഷിക്കുന്നത്.