കോവളം: പാച്ചല്ലൂർ ഗവ.എൽ.പി സ്‌കൂളിന് മുന്നിലെ അടിവാരത്തിൽ എത്തുന്ന മലിനമായ നീരൊഴുക്ക് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. എണ്ണൂറ് അടിയോളം ഉയരമുള്ള മലമുകളിൽ നിന്നും ഭൂമിയുടെ അടിയിലൂടെ സ്വകാര്യ ഉടമകളുടെ വീടിനു സമീപത്തുകൂടി ഒഴുകി പാച്ചല്ലൂർ ഗവ. എൽ.പി സ്‌കൂളിന് സമീപത്തെ റോഡിലാണ് മലിനമായ നീരൊഴുക്ക് സംഗമിക്കുന്നത്.ദിനവും ഒന്നര ലക്ഷം ലിറ്ററോളം വരുന്ന മലിനജലമാണ് പ്രദേശത്ത് ഒഴുകിയെത്തുന്നത്. കൂടാതെ ഒരു പ്രദേശത്ത് അധിവസിക്കുന്ന മുന്നൂറോളം കുടുംബങ്ങൾ ഉരുൾ പൊട്ടൽ ഭീഷണിയിലാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പാച്ചല്ലൂർ ദുരന്ത ജാഗ്രത സമിതിക്ക് രൂപം നൽകി.ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാച്ചല്ലൂർ ഭക്തി വിലാസത്തിൽ വിനോദ്കുമാറിന്റെ വീടിന് പിറകിലെ അടിവാരത്തിൽ ഏതാനും ഭീമാകാരമായ ഉരുളൻ പാറകൾ ഇടിഞ്ഞ് വീണിരുന്നു. ഇതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മലമുകളുകളിലെ സർക്കാർ സ്ഥാപനങ്ങളിലേയും അനുബന്ധ ക്വാർട്ടേഴ്‌സുകളിലും താമസിക്കുന്നവരാണ് ഭൂമിക്കടിയിലൂടെ മലിനജലം പുറംന്തള്ളുന്നതെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭ ഹെൽത്ത് വിഭാഗം, മലിനീകരണ നിയന്ത്രണബോർഡ് മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പാച്ചല്ലൂർ ദുരന്ത ജാഗ്രത സമിതിക്ക് രൂപം നൽകി. പനത്തുറ പുരുഷോത്തമൻ (ചെയർമാൻ), തിരുവല്ലം ഡി. ജയകുമാർ (ജനറൽ കൺവീനർ), പൂങ്കുളം സതീഷ്‌കുമാർ, പനത്തുറ പ്രസാദ് (വൈസ് ചെയർമാന്മാർ), ഇടയാർ എസ്. അശോ കൻ, ടി.എസ്. വിനോദ്കുമാർ (കൺവീനർമാർ), കെ.എസ്. നടേശൻ, ജയേന്ദ്രൻ, പുഞ്ചക്കരി സുരേന്ദ്രൻ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞടുത്തു.