തിരുവനന്തപുരം: ഒരാൾക്ക് ഒരു പദവി എന്നതിനോട് ഐ ഗ്രൂപ്പ് വിയോജിച്ച് തന്നെ നിൽക്കവേ, കെ.പി.സി.സി പുന:സംഘടന ഈയാഴ്ച തന്നെ എങ്ങനെയും പൂർത്തിയാക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമം തുടരുന്നു. ഇന്നലെ അദ്ദേഹം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും മൂന്ന് മണിക്കൂറോളം മാരത്തൺചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജംബോസമിതികൾ വേണ്ടെന്ന ധാരണ പോലും അട്ടിമറിയുന്ന സൂചനയാണ്. ഗ്രൂപ്പുകളുടെ പട്ടിക എത്രയും വേഗം നൽകാനാണ് ഇരുനേതാക്കളോടും മുല്ലപ്പള്ളി നിർദ്ദേശിച്ചിരിക്കുന്നത്.
ഒരാൾക്ക് ഒരു പദവിയെന്നതിനോട് എ ഗ്രൂപ്പിന് വിയോജിപ്പില്ല. ഐ ഗ്രൂപ്പ് വിട്ടുവീഴ്ചയ്ക്കൊരുക്കമല്ലാതിരിക്കുമ്പോൾ നിഷ്പക്ഷരായി നിൽക്കുന്നവരിലടക്കം അതിനോട് കടുത്ത അതൃപ്തിയാണ്. ജനപ്രതിനിധികളായതിന്റെ പേരിൽ കഴിവുള്ളവരെ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റാനാവില്ലെന്നാണ് ഐ ഗ്രൂപ്പ് വാദം. ജനപ്രതിനിധികളെ ഭാരവാഹികളാക്കിയാൽ പരസ്യമായി രംഗത്തുവരുമെന്ന് പി.ജെ. കുര്യൻ കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ മുന്നറിയിപ്പ് നൽകിയതും തലവേദനയാണ്.
ഗ്രൂപ്പുകളെ അംഗീകരിക്കുമ്പോഴും സ്ഥിരം മുഖങ്ങളെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആഗ്രഹം മുല്ലപ്പള്ളി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾ മറ്റ് മുതിർന്ന നേതാക്കളുമായി ഉൾപ്പെടെ വരുംദിവസങ്ങളിൽ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ച പുന:സംഘടനാചർച്ചയാണ് ഗ്രൂപ്പുകളുടെ സഹകരണം ശരിയായി ലഭിക്കാത്തതിനാൽ അനന്തമായി നീളുന്നത്. ഉപതിരഞ്ഞെടുപ്പുകളുടെ തിരിച്ചടി ചർച്ച ചെയ്ത രാഷ്ട്രീയകാര്യസമിതി യോഗമാണ് ഏറ്റവുമൊടുവിൽ പുന:സംഘടന അടിയന്തരമായി പൂർത്തിയാക്കാൻ കെ.പി.സി.സി നേതൃത്വത്തോട് നിർദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ ചർച്ച പുനരാരംഭിച്ചിരിക്കുന്നത്.
എത്രയും വേഗം ധാരണയിലെത്തി പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ച് അംഗീകാരം നേടിയെടുക്കുകയെന്ന വെല്ലുവിളിയാണ് മുല്ലപ്പള്ളിക്ക് മുന്നിൽ.