പോത്തൻകോട്: പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫബീഗത്തെ തത്‌സ്ഥാനത്തു നിന്നു നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഷാനിഫയെ നീക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വിധി പകർപ്പിലെ ചില വാക്കുകളുടെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സ്ഥാനത്തു തുടർന്നത്. ഇതിനെതിരെ ബ്ളോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് അംഗമായ അഡ്വ.അൽതാഫ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ പഞ്ചായത്തംഗമായി ഷാനിഫയ്ക്ക് തുടരാമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ ഇലക്ഷൻ കമ്മിഷൻ ഷാനിഫയെ കൂറ് മാറ്റ നിരോധന നിയപ്രകാരം അയോഗ്യത കല്പിച്ചെങ്കിലും ഷാനിഫ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. യു.ഡി.എഫ് അംഗമായിരുന്ന ഷാനിഫാ ബീഗം കൂറു മാറി എൽ.ഡി.എഫിനൊപ്പം കൂടിയതാണ് അയോഗ്യതയ്ക്ക് കാരണം. ഹർജിക്കാരന് വേണ്ടി അഡ്വ.സനീർ പി.എമ്മും ഷാനിഫയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകനായ അഡ്വ. രാംകുമാറുമാണ് ഹാജരായത്.