ഗുണ്ടൂർ: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന്റെ കിരീട പ്രതീക്ഷകൾ അവസാനിക്കുന്നു. മത്സരത്തിന്റെ നാലാം ദിനമായ ഇന്നലെ നടന്ന 22 ഫൈനലുകളിൽ നിന്ന് രണ്ട് സ്വർണവും ആറ് വെങ്കലും മാത്രമാണ് കേരളത്തിന് നേടാനായുള്ളൂ. ഇന്നലത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 243 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. 14 സ്വർണവും ആറ് വെള്ളിയും 14 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. മീറ്രിന് ഇന്ന് തിരശീല വീഴാനിരിക്കെ നിലവിലെ ചാമ്പ്യൻമാരായ ഹരിയാന 327 പോയിന്റുമായി എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹരിയാന ഇന്ന് ദേശീയ ജൂനിയർ അത്ലറ്റിക്ക് മീറ്രിൽ ഹാട്രിക്ക് കിരീട നേട്ടം കുറിക്കും. 244 പോയിന്റുള്ള തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് 26 ഫൈനലുകളാണുള്ളത്. അണ്ടർ 20 പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ ലിസ്ബത്ത് കരോളിൻ ജോസഫും അണ്ടർ18 പെൺകുട്ടികളുടെ 800 മീറ്ററിൽ പ്രിസ്കില്ല ഡാനിയേലുമാണ് ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ സ്വർണം എത്തിച്ചത്.
ദീർഘദൂര ഓട്ടത്തിൽ ഒരു മെഡലുമില്ല. ജമ്പിംഗ് പിറ്റിൽനിന്ന് മെഡലുകളെത്തി. 12.99 മീറ്റർ ദൂരം താണ്ടിയാണ് ലിസ്ബത്ത് ട്രിപ്പിൾ ജമ്പിൽ പൊന്നണിഞ്ഞത്. ലിസ്ബത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അഞ്ചാംശ്രമത്തിലായിരുന്നു 12.99 മീറ്റർ കുറിച്ചത്. ഈയിനത്തിൽ ഗായത്രി ശിവകുമാർ (12.37) വെങ്കലം നേടി.
800 മീറ്ററിൽ മൂന്ന് മെഡലുകൾ കിട്ടി കേരളത്തിന്. മഹാരാഷ്ട്രയുടെ ശിവേച്ച വികാസ് പാട്ടിലിന്റെ വെല്ലുവിളി മറികടന്നാണ് അണ്ടർ 18ൽ പ്രിസ്കില്ല (2:09:11) ഒന്നാമതെത്തിയത്. അവസാന നൂറ് മീറ്ററിൽ കുതിപ്പ് സഹായിച്ചു. സ്റ്റെഫി സാറ കോശി (2:12:73) വെങ്കലവും നേടി. അണ്ടർ 20 പെൺകുട്ടികളിൽ ഉഷ സ്കൂളിലെ അതുല്യ ഉദയൻ രണ്ടു മിനിറ്റ് 10.28 സെക്കൻഡിൽ വെങ്കലം നേടി.
അണ്ടർ 16 ആൺകുട്ടികളുടെ ഹൈജമ്പിൽ 1.89 മീറ്റർ ഉയരം മറികടന്നാണ് ബി. ഭരത്രാജ് വെങ്കലം കൊണ്ടുവന്നത്. 16 വയസ്സിനു താഴെയുള്ളവരുടെ പെൺകുട്ടികളുടെ പെന്റാത്ലണിൽ സ്നേഹമോൾ ജോർജും (3216 പോയിന്റ്) അണ്ടർ 20 പെൺകുട്ടികളുടെ ഹെപ്റ്രാത്തലണിൽ ജി.രേഷ്മയും (4150 പോയിന്റ്) വെങ്കലം നേടി.
അണ്ടർ 20 ആൺകുട്ടികളുടെ 200 മീറ്ററിൽ സി അഭിനവും അജിത് ജോണും ഫൈനലിൽ എത്തി.