maneethi-

ചെന്നൈ: മണ്ഡലകാലത്ത് ഇക്കുറിയും ശബരിമലയിൽ എത്താനായി മനീതി സംഘടനയിലെ അംഗങ്ങൾ തന്നെ ആവശ്യപ്പെടുന്നുണ്ടെന്ന് സംഘടനാ നേതാവ് സെൽവി കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. സുപ്രീം കോടതി വിധി അനുകൂലമായാൽ ഉറപ്പായും ഇക്കുറി വീണ്ടും ഞങ്ങളെത്തും. അതിൽ ഒരു സംശയവും വേണ്ട. ഇപ്പോൾ തന്നെ അംഗങ്ങളിൽ പലരും ശബരിമലയ്ക്ക് പോകുന്നതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. അവരോടൊക്കെ വയനാട്ടിൽ നിന്നുള്ള അമ്മിണിക്കൊപ്പം പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവനുസരിച്ച് മാത്രമാകും ഞങ്ങളുടെ യാത്ര.

ഇക്കുറി വരുന്നുണ്ടെങ്കിൽ കൂടുതൽ ആളുകളുമായാകും എത്തുക. അതും സർക്കാരിന് കത്തയച്ച് അനുമതി വാങ്ങിയിട്ടു മാത്രം. കഴിഞ്ഞ തവണ ഞങ്ങളെ മൂന്നിടത്തായി ബ്ളോക്ക് ചെയ്തിരുന്നു. ഇക്കുറി അത്തരത്തിൽ ഒരു സംഭവം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കു പോലും ഞങ്ങളെ സന്നിധാനത്ത് എത്തിക്കാൻ ആഗ്രഹമില്ലായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചുകയറ്റി വിടണമെന്ന ചിന്തയേ അവർക്കുണ്ടായിരുന്നുള്ളൂ.

ഞങ്ങളെ ശബരിമലയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും പ്രൊട്ടക്ഷൻ നൽകിയിരുന്നു. ഇക്കുറിയും സർക്കാരിനെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല. ഞങ്ങൾ സർക്കാരിൽ പ്രതീക്ഷ അർപ്പിക്കുന്നു. പ്രതിഷേധക്കാരുടെ ശക്തി ഇക്കുറി കുറയുമെന്ന പ്രതീക്ഷയുമുണ്ട്. കാരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു അവരുടെ പ്രതിഷേധം മുഴുവൻ. അത് ഫലം കണ്ടില്ലെന്ന് കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പുകൾ തന്നെ കാണിച്ചുതന്നിരുന്നു. ഞങ്ങൾ ആക്ടിവിസ്റ്റുകളാണ്. അതുകൊണ്ടു തന്നെ സ്വയരക്ഷയ്ക്കപ്പുറം പോരാട്ടങ്ങളുടെ ഫലമാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നും സെൽവി പറഞ്ഞു.