ബ്രസീലിലെ മാറ്റോ - ഗ്രോസോയിൽ ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പുരാതന നഗരമാണ് 'ദ ലോസ്‌റ്റ് സിറ്റി ഒഫ് സെഡ് '. ബ്രിട്ടീഷ് പര്യവേഷകനും കാർട്ടോഗ്രാഫറും ആർക്കിയോളജിസ്‌റ്റുമായ കേണൽ പേഴ്സി ഫോസെറ്റ് ആണ് ആമസോൺ കാടുകളിൽ ഇങ്ങനെയൊരു നഗരം ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്നത്. ആമസോൺ കാടുകളിലും സൗത്ത് അമേരിക്കയിലും നടത്തിയ പഠനങ്ങളിൽ നിന്നാണ് പേഴ്സി ഈ നിഗമനത്തിലെത്തിയത്. നഗരത്തിന്റെ അവശിഷ്‌ടങ്ങൾ കാടുകളിൽ എവിടെയോ ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. നാഷണൽ ലൈബ്രറി ഒഫ് ബ്രസീലിൽ നിന്നും ക്ഷേത്രങ്ങളും പ്രതിമകളും ലിപികളും നിറഞ്ഞ ഒരു പുരാതന നഗരത്തിന്റെ അവശിഷ്‌ടം കണ്ടെത്തിയതായുള്ള ജോവാവോ ഡ സിൽവ എന്ന പോർച്ചുഗീസ് ഗവേഷകന്റെ കൈയെഴുത്ത് രേഖ ഫോസെറ്റിന് ലഭിച്ചിരുന്നു. 1753ൽ രചിക്കപ്പെട്ട ഈ കൈയെഴുത്തുപ്രതിയുടെ അടിസ്ഥാനത്തിലാണ് ഫോസെറ്റ് തന്റെ പഠനങ്ങൾ ആരംഭിച്ചത്.
1925 ഏപ്രിലിൽ ഫോസെറ്റ് തന്റെ മൂത്ത മകൻ ജാക്ക്, ജാക്കിന്റെ സുഹൃത്ത് റാലി റിമൽ എന്നിവരുമൊത്ത് 'സിറ്റി ഒഫ് സെഡ് ' കണ്ടെത്താൻ ആമസോണിലെ മാറ്റോ ഗ്രോസോ വനാന്തരങ്ങളിലേക്ക് യാത്ര തിരിച്ചു. വനത്തിൽ, തന്നെയും സംഘത്തെയും കാണാതായാൽ ആരും തേടി ഇറങ്ങരുതെന്നും അല്ലാത്തപക്ഷം അവർക്കും തങ്ങളുടെ ഗതി വരുമെന്നും യാത്രയ്‌ക്ക് മുമ്പ് ഫോസെറ്റ് പറഞ്ഞിരുന്നു. അത് ശരിക്കും സംഭവിച്ചു. വനാന്തരങ്ങളിൽ എത്തിയ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല.
1925ന് ശേഷം ആമസോണിയൻ വനാന്തരങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് 50,000 ത്തിലേറെ പേർ താമസിച്ചിരുന്ന കുഹികുഗു എന്ന പുരാതന നഗരാവശിഷ്‌ടങ്ങൾ കണ്ടെത്തി. ഒരു പക്ഷേ, കുഹികുഗുവിനെ പറ്റി ഗോത്രവർഗക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളായിരിക്കാം 'ലോസ്‌റ്റ് സിറ്റി ഒഫ് സെഡ് ' എന്ന് ഫോസെറ്റ് തെറ്റിദ്ധരിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ, അങ്ങനെയൊരു നഗരം കാടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്.
കാട്ടിലെ ആദിമ നിവാസികൾ ഫോസെറ്റിനെയും സംഘത്തെയും വധിച്ചിരിക്കാമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. യഥാർത്ഥത്തിൽ 'ലോസ്‌റ്റ് സിറ്റി ഒഫ് സെഡ് ' എന്ന നഗരം ഉണ്ടായിരുന്നോ എന്നും അത് കണ്ടെത്താൻ ഇറങ്ങിത്തിരിച്ച ഫോസെറ്റിനും സംഘത്തിനും എന്ത് സംഭവിച്ചെന്നും ആർക്കും അറിയില്ല.